വഖഫ് ബോർഡ് പുന: സംഘടനയിൽ പ്രതിഷേധം
മുസ്‌ലിം ലീഗ് വിളിച്ച യോഗം ബഹിഷ്കരിച്ച് സമസ്ത കാന്തപുരം വിഭാഗം തങ്ങളുടെ അതൃപ്തി പ്രകടിപ്പിച്ചു.
കോഴിക്കോട്: വഖഫ് ബോർഡ് പുനഃസംഘടനയിൽ സമസ്ത കാന്തപുരം വിഭാഗത്തിന് കടുത്ത പ്രതിഷേധം.ആശങ്കയും പ്രതിഷേധവും പുകയുന്നതിനിടെ, മുസ്‌ലിം ലീഗ് വിളിച്ചുചേർത്ത സുപ്രധാന യോഗത്തിൽ നിന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള സമസ്ത വിഭാഗം പൂർണ്ണമായും വിട്ടുനിന്നു. വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന കടുത്ത വിയോജിപ്പും പ്രതിഷേധവുമാണ് ഈ ബഹിഷ്കരണത്തിന് പിന്നിൽ.
. വഖഫ് ബോർഡ് പുനഃസംഘടനയിൽ തങ്ങൾക്ക് അർഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്നതിൽ പ്രതിഷേധിച്ചാണ് കാന്തപുരം വിഭാഗം യോഗത്തിൽ നിന്ന് പൂർണ്ണമായും വിട്ടുനിൽക്കാൻ തീരുമാനിച്ചത്.വഖഫ് ബോർഡിൽ പ്രാതിനിധ്യം നൽകാതെ, പകരം ഹജ്ജ് കമ്മിറ്റിയിലോ മദ്രസ ബോർഡിലോ പരിഗണിക്കാമെന്ന മുസ്‌ലിം ലീഗിന്റെ അനുനയ നീക്കങ്ങൾ സ്വീകരിക്കേണ്ടതില്ലെന്ന ഉറച്ച നിലപാടിലാണ് അവർ. വിഷയത്തിൽ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന കൃത്യമായ സന്ദേശം നൽകാനാണ് ലീഗ് വിളിച്ച യോഗം ബഹിഷ്കരിച്ചതെന്നാണ് റിപ്പോർട്ടുകൾ

