ഒമ്പതാം ദിവസം സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും ജാമ്യംകിട്ടി.
നിരോധിത മേഖലയായ ജന്തർ മന്തറിലേക്ക് അതിക്രമിച്ച് കയറിയതിന് അറസ്റ്റിലായ സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും ഡൽഹി സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർ മന്തറിൽ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ അറസ്റ്റിലായ കോക്ക്‌റോച്ച് ജനത പാർട്ടി നേതാക്കൾക്ക് ജാമ്യം. സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവർക്കാണ് അറസ്റ്റിലായി ഒമ്പതാം ദിവസം ഡൽഹി സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.
. നിരോധിത മേഖലയായ ജന്തർ മന്തറിലേക്ക് അതിക്രമിച്ചുകയറിയെന്നും ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചെന്നും ആരോപിച്ചായിരുന്നു ഡൽഹി പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. തുടർന്ന് നിയമനടപടികളുടെ ഭാഗമായി ഇവർ ജയിലിൽ തുടരുകയായിരുന്നു. ജാമ്യവ്യവസ്ഥകൾ പൂർത്തിയാക്കിയതിനെത്തുടർന്നാണ് ഇരുവരെയും മോചിപ്പിക്കാൻ കോടതി ഉത്തരവിട്ടത്.
അതേസമയം, അറസ്റ്റിനും തുടർന്നുണ്ടായ നടപടികൾക്കുമെതിരെ വിമർശനവുമായി കോക്ക്‌റോച്ച് ജനത പാർട്ടി രംഗത്തെത്തി. ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തെ അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ജാമ്യത്തിലിറങ്ങിയ ശേഷം പാർട്ടി നേതൃത്വം ആരോപിച്ചു. സംഭവത്തിൽ നിയമപോരാട്ടം തുടരുമെന്നും പ്രതിഷേധത്തിൽനിന്ന് പിന്നോട്ടില്ലെന്നും നേതൃത്വം വ്യക്തമാക്കി.

