ചേരനല്ലൂർ കേസിൽ പോലീസിന് ഗുരുതര വീഴ്ചയെന്ന് രമേശ് ചെന്നിത്തല
ചേരനല്ലൂരിൽ 17 കാരൻ ഓടിച്ച കാറടിച്ച് ഒരാൾ മരിച്ച കേസിൽ പോലീസിന് ഗുരുതരമായ വീഴ്ച സംഭവിച്ചതായും ഇക്കാര്യത്തിൽ എഡിജിപിയോട് റിപ്പോർട്ട് തേടിയതായും മന്ത്രി പറഞ്ഞു
കൊച്ചി: ചേരാനല്ലൂരിൽ അഡീഷണൽ ജില്ലാ ജഡ്ജിയുടെ പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ രൂക്ഷവിമർശനവുമായി കോൺഗ്രസ് മുതിർന്ന നേതാവും ആഭ്യന്തരമന്ത്രിയുമായ രമേശ് ചെന്നിത്തല. മദ്യപിച്ചും ലഹരി ഉപയോഗിച്ചും വാഹനം ഓടിക്കുന്നവരെ വെറുതെ വിടില്ലെന്നും നിയമം എല്ലാവർക്കും ഒരുപോലെയാണെന്നും അദ്ദേഹം വ്യക്‌തമാക്കി.
. ലൈസൻസില്ലാത്ത വ്യക്തി അമിതവേഗതയിൽ വാഹനം ഓടിച്ച് ഒരാളുടെ ജീവനെടുത്തിട്ടും പ്രതിക്ക് പെട്ടെന്ന് ജാമ്യം ലഭിച്ചത് പോലീസിന്റെ വീഴ്ചയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
. കേസിൽ പോലീസ് സ്വീകരിച്ച നടപടികളെക്കുറിച്ച് എ.ഡി.ജി.പി സി.പി. വിജയനോട് അന്വേഷണം നടത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും, റിപ്പോർട്ട് ലഭിച്ച ശേഷം വീഴ്ച വരുത്തിയ കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.പ്രതികളുടെയോ കുടുംബത്തിന്റെയോ സാമൂഹിക പദവിയോ ജോലിയോ നോക്കാതെ കേസിൽ നീതിപൂർവ്വമായ കർശന നടപടി സ്വീകരിക്കും.
. റോഡപകടങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അപകടങ്ങൾ കുറയ്ക്കുന്നതിനായി ആവശ്യമെങ്കിൽ പുതിയ നിയമനിർമ്മാണം നടത്തുന്നത് സംബന്ധിച്ച് ഗതാഗത മന്ത്രിയുമായി സംസാരിച്ചതായും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

