കൊയിലാണ്ടി - എടവണ്ണപ്പാറ സംസ്ഥാനപാതയിലെ അപാതകൾ പരിഹരിക്കും : മന്ത്രി പി കെ ബഷീർ
കൊയിലാണ്ടി– എടവണ്ണ സംസ്ഥാനപാതയിലെ അപാകതകൾ നിയമസഭയിൽ ഉന്നയിച്ച് തിരുവമ്പാടി എം.എൽ.എ; ഗ്യാരന്റി കാലാവധിക്കുള്ളിൽ പരിഹരിക്കുമെന്ന് മന്ത്രി പികെ ബഷീർ
തിരുവനന്തപുരം:
കിലോമീറ്ററിന് നാല് കോടിയിലധികം രൂപ ചെലവഴിച്ച് നവീകരിച്ച കൊയിലാണ്ടി– എടവണ്ണ സംസ്ഥാനപാതയുടെ നിർമ്മാണത്തിലെ ഗുരുതരമായ അപാകതകളും നാട്ടുകാരുടെ ദുരിതവും നിയമസഭയിൽ ഉന്നയിച്ച് തിരുവമ്പാടി എം.എൽ.എ. വിഷയത്തിൽ കെ.എസ്.ടി.പി റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും ഗ്യാരന്റി കാലാവധിക്കുള്ളിൽ തന്നെ കരാർ കമ്പനിയെക്കൊണ്ട് അപാകതകൾ പരിഹരിപ്പിക്കുമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി സഭയിൽ ഉറപ്പുനൽകി.
റോഡിന്റെ അശാസ്ത്രീയമായ നിർമ്മാണം മൂലം സമീപവാസികളും വ്യാപാരികളും വലിയ ദുരിതത്തിലാണ്. ചെറിയ മഴ പെയ്താൽ പോലും പാതയോരങ്ങളിലും ടൗണുകളിലും രൂക്ഷമായ വെള്ളക്കെട്ടാണ് രൂപപ്പെടുന്നത് എന്ന് എം.എൽ.എ പറഞ്ഞു.
വിഷയം പഠിക്കാനായി KSTP ചീഫ് എഞ്ചിനീയറെ സ്ഥലത്തേക്ക് അയച്ചിരുന്നതായും റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗ്യാരന്റി കാലാവധി കഴിയുന്നതിന് മുൻപ് തന്നെ കരാർ കമ്പനിയെക്കൊണ്ട് സ്വന്തം ചെലവിൽ അപാകതകൾ മുഴുവൻ പരിഹരിപ്പിക്കാൻ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
നിർമ്മാണം ആരംഭിച്ച നാൾ മുതൽ വൻ വിവാദത്തിലായ കൊയിലാണ്ടി–എടവണ്ണ പാതയുടെ പണി പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും അപാകതകൾ പരിഹരിച്ചിരുന്നില്ല. മന്ത്രിയുടെ അടിയന്തര ഇടപെടലോടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാരും പ്രദേശവാസികളും.

