കാലടി സർവകലാശാല വിദ്യാർത്ഥി നിരാഹാര സമരം പുനരാരംഭിച്ചു
സസ്പെൻഷൻ കഴിയുന്ന 16 വിദ്യാർത്ഥികൾ നൽകിയ ഹരജി കോടതി വാദം കേൾക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി .
കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിലെ സമരപ്പന്തലിൽ എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ നിരാഹാര സമരം പുനരാരംഭിച്ചു. നിരാഹാരമിരുന്ന വിദ്യാർഥികളുടെ ആരോഗ്യ നില വഷളായതിനെ തുടർന്ന് വൻ പൊലീസ് സന്നാഹമെത്തി ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
. പി.എം. അശ്വന്ത്, കെ.വി. അഭിജിത്ത്, പി.എസ്. അർച്ചന എന്നീ വിദ്യാർഥികളെയാണ് അങ്കമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്. ശ്രദ്ധ, സി.പി. അതുല്യ, കെ.എൽ. ശിവകുമാർ എന്നീ വിദ്യാർഥികൾ ഇപ്പോൾ നിരാഹാരമിരിക്കുന്നത്. എന്തു സംഭവിച്ചാലും സമരം തുടരുമെന്നും പിന്നോട്ടില്ലെന്നും എസ്.എഫ്.ഐ പ്രവർത്തകർ പറഞ്ഞു. വിദ്യാർഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സമരപ്പന്തലിലെത്തിയിരുന്നു. നിരാഹാരമിരിക്കുന്ന സമരക്കാരെ അദ്ദേഹം അഭിവാദ്യം ചെയ്തു.
. അതിനിടെ, സസ്പെൻഷനിൽ കഴിയുന്ന 16 വിദ്യാർഥികൾ നൽകിയ ഹരജിയിൽ ഹൈകോടതി വാദം കേൾക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. മാപ്പപേക്ഷ നൽകിയാൽ 12 പേരുടെ സസ്പെൻഷൻ പിൻവലിക്കാമെന്ന സർവകലാശാല തീരുമാനം കൂടി ചോദ്യം ചെയ്ത് ഹരജി ഭേദഗതിചെയ്ത് സമർപ്പിക്കാൻ വിദ്യാർഥികൾക്ക് അവസരം നൽകിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഹരജി മാറ്റിയത്.വെള്ളിയാഴ്ച ഹരജി പരിഗണിച്ചപ്പോൾ പുതിയ തീരുമാനം കൂടി ചേർത്ത്, ഭേദഗതി വരുത്തുന്നുണ്ടോ എന്ന് കോടതി വിദ്യാർഥികളുടെ അഭിഭാഷകനോട് ചോദിക്കുകയും ഉണ്ടെന്ന് വിദ്യാർഥികൾ മറുപടി പറയുകയുമായിരുന്നു.
. 60 ദിവസത്തിലേറെയായി സസ്പെൻഷനിൽ കഴിഞ്ഞിട്ടും അരിശം തീരാത്തതെന്തെന്ന് കഴിഞ്ഞ ദിവസം ഹരജി പരിഗണിക്കവേ കോടതി ചോദിച്ചിരുന്നു.ഇതിന് പിന്നാലെ മാപ്പപേക്ഷ നൽകിയാൽ 12 പേരുടെ സസ്പെൻഷൻ പിൻവലിക്കാമെന്നും നാലുപേരുടെ സസ്പെൻഷൻ രണ്ടു മാസം കൂടി നീട്ടിയെന്നും സർവകലാശാല സത്യവാങ്മൂലം നൽകി. ഈ സാഹചര്യത്തിലാണ് ഹരജി ഭേദഗതി ചെയ്ത് സമർപ്പിക്കാൻ അനുമതി നൽകിയത്.

