സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും പുതിയ കാറുകൾ വാങ്ങാൻ കോടികൾ മുടക്കുന്നു
മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും 22കാറുകൾ അടക്കം 24 ഇന്നോവ കാറുകൾ വാങ്ങാൻ 9.6 കോടി രൂപ ചെലവഴിക്കാൻ തീരുമാനമായി
തിരുവനന്തപുരം : സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ 9.60 കോടി രൂപ ചെലവഴിച്ച് 24 പുതിയ ഇന്നോവ കാറുകൾ വാങ്ങാൻ സർക്കാർ തീരുമാനം. മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കുമായി 22 വാഹനങ്ങളും അതിഥികളുടെ ആവശ്യത്തിനായി പ്രോട്ടോക്കോൾ വിഭാഗത്തിന് രണ്ട് വാഹനങ്ങളുമാണ് വാങ്ങുന്നത്.
. നിലവിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിക്കുന്നത് മുൻ സർക്കാരിന്റെ കാലത്ത് വാങ്ങിയ വാഹനങ്ങളാണ്. ഇവയിൽ പലതും കാലപ്പഴക്കം ചെന്നതാണെന്നും യാത്രായോഗ്യമല്ലെന്നും വ്യാഖ്യാനിക്കപ്പെട്ടിരുന്നു. ചില മന്ത്രിമാർ സ്വകാര്യ വാഹനങ്ങൾ ഉപയോഗിച്ചതും നേരത്തെ വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ വാഹനങ്ങൾ വാങ്ങാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
. പുതിയ വാഹനങ്ങൾക്കായി 9.60 കോടി രൂപ ചെലവഴിക്കുന്നതോടെ ഓരോ കാറിനും ശരാശരി 40 ലക്ഷം രൂപയാണ് ചെലവ് വരുന്നത്.സാമ്പത്തിക പ്രതിസന്ധിയും ചെലവുചുരുക്കൽ നടപടികളും ചർച്ചയാകുന്ന തിനിടെയാണ് സർക്കാർ പുതിയ വാഹനങ്ങൾ വാങ്ങാനുള്ള തീരുമാനമെടുത്തിരിക്കുന്നത്. കാലപ്പഴക്കം ചെന്ന വാഹനങ്ങൾ മാറ്റുന്നതിനുള്ള നടപടിയെന്നാണ് പുതിയ വാങ്ങലിന് പിന്നിലെ വിശദീകരണം.

