headerlogo
politics

അരിവില നിയന്ത്രിക്കാൻ സ്ഥിരം പദ്ധതിയുമായി സംസ്ഥാന സർക്കാർ.

ഡിസംബറിൽഎല്ലാ റേഷൻ കാർഡുകൾക്കും 15 കിലോ വരെ 27 രൂപയ്ക്ക് സ്പെഷൽ അരി നല്കുമെന്ന് ഭക്ഷ്യ - പൊതുവിതരണ വകുപ്പ് അറിയിച്ചു.

 അരിവില നിയന്ത്രിക്കാൻ സ്ഥിരം പദ്ധതിയുമായി സംസ്ഥാന സർക്കാർ.
avatar image

NDR news

19 Nov 2026 10:21 AM

തിരുവനന്തപുരം : പൊതുവിപണിയിൽ അരിയുടെയും മറ്റ് ഭക്ഷ്യധാന്യങ്ങളുടെയും വിലക്കയറ്റം നിയന്ത്രിക്കാൻ നിർണായക നീക്കവുമായി സംസ്ഥാന സർക്കാർ. വിലസ്ഥിരത ഉറപ്പാക്കുന്നതിനും കുറഞ്ഞ നിരക്കിൽ ധാന്യങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനുമായി സ്ഥിരം പദ്ധതി നടപ്പാക്കുന്നു. ദേശീയ ഭക്ഷ്യഭദ്രതാ നിയമപ്രകാരം ഇതുസംബന്ധിച്ച് വിജ്ഞാപനവും പുറത്തിറക്കി. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്.

.      ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ (എഫ്‌സിഐ) ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്കീം (ഒഎംഎസ്എസ്) വഴി ഇ-ലേലം കൂടാതെയും ആവശ്യമെങ്കിൽ നേരിട്ടും സർക്കാരിന് ഭക്ഷ്യധാന്യങ്ങൾ സംഭരിക്കാം. ഇത്തരത്തിൽ സംഭരിക്കുന്ന ധാന്യങ്ങൾ എല്ലാ വിഭാഗം റേഷൻ കാർഡ് ഉടമകൾക്കും പരമാവധി 15 കിലോഗ്രാം വരെ വിതരണം ചെയ്യാനാകും. അതത് കാലത്തെ സംഭരണവിലയും കൈകാര്യച്ചെലവും മാത്രം ഉൾപ്പെടുത്തി ലാഭമെടുക്കാതെയാകും വിൽപ്പനവില നിശ്ചയിക്കുക.

.      ഓരോ തവണയും വിപണിയിൽ ഇടപെടുന്നതിനായി സർക്കാരിന്റെ മുൻകൂർ അനുമതിയോടെ ഫണ്ട് അനുവദിക്കും. പദ്ധതി നടപ്പാക്കാനുള്ള ചുമതല സിവിൽ സപ്ലൈസ് കമ്മിഷണർക്കാണ്. കേരളം 25,000 ടൺ അരി ആവശ്യപ്പെട്ടപ്പോൾ ഇതിനായി പ്രത്യേക പദ്ധതി തയ്യാറാക്കി വിജ്ഞാപനം പുറപ്പെടുവിക്കാനാണ് കേന്ദ്രം നിർദേശിച്ചത്. തുടർന്നാണ് ഭാവിയിലെ വിപണി സാഹചര്യങ്ങൾ കൂടി കണക്കിലെടുത്ത് സ്ഥിരം വിലസ്ഥിരതാ പദ്ധതിക്ക് സർക്കാർ രൂപം നൽകിയത്.

.     പദ്ധതിയുടെ ഭാഗമായി ഡിസംബറിൽ റേഷൻ കാർഡ് ഉടമകൾക്ക് പ്രത്യേക നിരക്കിൽ അരി വിതരണം ചെയ്യും. മുൻഗണന ഇതര വിഭാഗത്തിലെ വെള്ള, നീല, ബ്രൗൺ കാർഡ് ഉടമകൾക്ക് അഞ്ച് കിലോഗ്രാം വീതം പുഴുക്കലരിയാണ് ലഭിക്കുക. മുൻഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് കാർഡ് ഉടമകൾക്ക് മൂന്ന് കിലോഗ്രാം വീതം പച്ചരിയും നൽകും.

.       കേന്ദ്ര സർക്കാർ കിലോഗ്രാമിന് 23.90 രൂപ നിരക്കിൽ നൽകുന്ന അരി കൈകാര്യച്ചെലവ് കൂടി ഉൾപ്പെടുത്തി 27 രൂപയ്ക്കാണ് റേഷൻ കാർഡ് ഉടമകൾക്ക് വിതരണം ചെയ്യുന്നത്. 25,000 ടൺ അരി വാങ്ങുന്നതിനായി 59.75 കോടി രൂപ എഫ്‌സിഐക്ക് നൽകാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്.

.       വിലസ്ഥിരതാ പദ്ധതിക്കായി വിജ്ഞാപനം പുറത്തിറക്കിയതിന്റെ തുടർച്ചയായാണ് അരി സംഭരിക്കാനുള്ള അനുമതി ലഭിച്ചത്. നേരത്തേ ഓണക്കാലത്തും സമാനമായ രീതിയിൽ വെള്ള, നീല, ബ്രൗൺ കാർഡ് ഉടമകൾക്ക് 10 കിലോഗ്രാം വീതം സ്പെഷൽ അരി വിതരണം ചെയ്തിരുന്നു

NDR news
19 Nov 2026 10:21 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents