പത്മജ വേണു ഗോപാലിനെതിരെ രൂക്ഷ വിമർശനവുമായി കെ എസ് യു . സംസ്ഥാന പ്രസിഡണ്ട്
പാർട്ടി വിട്ടപ്പോൾ പറഞ്ഞ നുണക്കഥകൾ തിരുത്തി പൊതു സമൂഹത്തോട് അവർ മാപ്പ് പറയണമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡണ്ട് അലോഷ്യസ് സേവിയർ പറഞ്ഞു
തിരുവനന്തപുരം: ബിജെപി വിട്ട് കോൺഗ്രസിലേക്ക് തിരിച്ചെത്താനുള്ള പത്മജ വേണുഗോപാലിന്റെ നീക്കത്തിനെതിരെ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. പത്മജയ്ക്കായി പാർട്ടിയിൽ "പച്ച പരവതാനി" വിരിക്കരുതെന്നും, പാർട്ടി വിട്ടപ്പോൾ പറഞ്ഞ നുണകൾ തിരുത്തി അണികളോടും പൊതുസമൂഹത്തോടും അവർ മാപ്പ് പറയണമെന്നും അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു.
. കോൺഗ്രസിൽ ഇനി ആരെയും പ്രത്യേക ആനുകൂല്യങ്ങളോടെ സ്വീകരിക്കേണ്ടതില്ലെന്ന് നേതൃത്വം തിരിച്ചറിയണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. അവസരവാദവും അധികാരക്കൊതിയും മൂത്ത് പാളയം മാറി ചേക്കേറുന്ന 'പത്മജമാർക്ക്' വേണ്ടിയല്ല ലക്ഷക്കണക്കിന് കോൺഗ്രസ് പ്രവർത്തകർ തെരുവിൽ സമരം ചെയ്തതെന്നും അദ്ദേഹം പരിഹസിച്ചു. മാപ്പ് പറഞ്ഞ് തിരിച്ചെത്തിയാലും പത്മജയ്ക്കും പത്മിനി തോമസിനും അധികാരസ്ഥാനങ്ങളല്ല നൽകേണ്ടതെന്നും, പകരം സാധാരണ പ്രവർത്തകരെപ്പോലെ ബൂത്ത് കമ്മിറ്റികളിൽ പ്രവർത്തിക്കാനുള്ള അവസരമാണ് നൽകേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
. കഴിഞ്ഞ പത്ത് വർഷമായി പാർട്ടിക്കുവേണ്ടി കഷ്ടപ്പെട്ട സാധാരണക്കാരായ കോൺഗ്രസ് പ്രവർത്തകർക്ക് എല്ലാ മേഖലകളിലും പരിഗണന ലഭിക്കണമെന്നും, ചുവന്ന ബോർഡുകളുടെ മനോഹാരിതയും ഉത്തരവാദിത്തവും അവരും അനുഭവിക്കട്ടെയെന്നും അലോഷ്യസ് സേവ്യർ കൂട്ടിച്ചേർത്തു.

