headerlogo
pravasi

തുച്ഛവരുമാനം, അക്കൗണ്ട് വഴി ലക്ഷങ്ങളുടെ ഇടപാട്​; മലയാളി ദമ്മാമിൽ കേസിൽ കുടുങ്ങി

ഇഖാമയുടെ പകർപ്പ് മറ്റൊരോ ദുരുപയോഗം ചെയ്തതാണന്നാണ് സംശയിക്കുന്നത്

 തുച്ഛവരുമാനം, അക്കൗണ്ട് വഴി ലക്ഷങ്ങളുടെ ഇടപാട്​;  മലയാളി ദമ്മാമിൽ കേസിൽ കുടുങ്ങി
avatar image

NDR News

01 Nov 2021 02:40 PM

ദമ്മാം: ബാങ്ക്​ അകൗണ്ട്​ വഴി ലക്ഷങ്ങളുടെ ഇടപാട്​ കണ്ടെത്തിയതിനെ തുടർന്ന്​ മലയാളിക്കെതിരെ സൗദിയിൽ കേസ്​. മക്കയിൽ ഹറമിന് സമീപം ബ്രോസ്​റ്റഡ് കടയിൽ ജീവനക്കാരനായ കോഴിക്കോട്, കൊടുവള്ളി സ്വദേശി ആഷിഖ്​ മുഹമ്മദിനെതിരെയാണ്​ ദമ്മാം പൊലീസ്​ കേസെടുത്തത്​.

      തുച്ഛവരുമാനക്കാരനായ യുവാവി​ന്റെ ബാങ്ക്​ അകൗണ്ടിലൂടെ വൻ സാമ്പത്തിക ഇടപാടുകളാണ്​ നടത്തിയിരിക്കുന്നത്​. ലക്ഷക്കണക്കിന് റിയാലി​​ന്റെതാണ്​ ഇടപാടുകൾ. ചെറിയ വരുമാനക്കാരനായ തനിക്ക് ഇത്രയും വലിയ തുക ചിന്തിക്കാൻ പോലും കഴിയാത്തതാണന്നും തന്നെ ആരോ ചതിയിൽ പെടുത്തിയതാണെന്നും യുവാവ്​ പറഞ്ഞു.

      സുഖമില്ലാത്ത ഉമ്മയെ കാണാൻ നാട്ടിൽ പോകാൻ തയാറെടുക്കുേമ്പാഴാണ് ഭീമമായ സംഖ്യകൾ അയച്ചതി​ന്റെ പേരിൽ യാത്രാവിലക്ക് ഏർപ്പെടുത്തിയതായി സ്പോൺസർ പോലും അറിയുന്നത്. ദമ്മാമിലെ ഷിമാലിയ പൊലീസ് സ്​റ്റേഷനാണ് കേസ് രജിസ്​റ്റർ ചെയ്തിരിക്കുന്നത്. അവിടെ ഹാജരാകാൻ സ്പോൺസർ യുവാവിനോട്​ നിർദേശിച്ചു. തുടർന്ന് ജിദ്ദയിലെ കെ.എം.സി.സി പ്രവർത്തകർ ദമ്മാമിലെ നന്മ അദാലത്തി​ന്റെ സംഘാടകരായ ഹമീദ് വടകരയുടേയും ഷാജി മതിലകത്തിേൻറയും സഹായം തേടുകയായിരുന്നു.

      യുവാവിനെ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കിയപ്പോഴാണ് അലിന്മ ബാങ്കിൽ ആഷിഖി​ന്റെ ഇഖാമ നമ്പരിൽ എടുത്തിട്ടുള്ള അക്കൗണ്ട് വഴി ലക്ഷക്കണക്കിന് റിയാൽ ഇടപാട്​ നടത്തിയതായി കണ്ടെത്തിയത്. എന്നാൽ നാഷനൽ കോമേഴ്​സ്​ ബാങ്കി​ന്റെ (എൻ.സി.ബി) ക്യൂക് പേ അക്കൗണ്ട് അല്ലാതെ മറ്റൊരു ബാങ്കിലും തനിക്ക്​ അക്കൗണ്ട് ഇല്ലെന്ന് യുവാവ്​ പോലീസിനോട് പറഞ്ഞു.

     ഷാജി മതിലകത്തിന്റെ ജാമ്യത്തിൽ താൽക്കാലികമായി കേസ് ഒഴിവാക്കിയിരിക്കുകയാണ്​. നാട്ടിൽ പോകാൻ വീണ്ടും റീ എൻട്രി വിസ അടിക്കാൻ ശ്രമിക്കു​മ്പോൾ ദമ്മാം റെയിൽവേ പൊലീസ് രജിസ്​റ്റർ ചെയ്ത മറ്റൊരു കേസ് കൂടി ഉണ്ടെന്ന് കണ്ടെത്തി. അവിടെയെത്തിയപ്പോൾ ഇതേ ഇഖാമ നമ്പരിൽ മറ്റൊരു അക്കൗണ്ട് വഴി പണം അയച്ചതായാണ് കേസ്. കൂടുതൽ അന്വേഷണത്തിൽ അവിടെ നൽകിയിരിക്കുന്ന ഫോൺ നമ്പർ ആഷിഖി​ന്റെ പേരിലുള്ളതല്ലെന്ന് കണ്ടെത്തി.

      ആഷിഖി​ന്റെ നിരപരാധിത്വം പൊലീസിന് ബോധ്യപ്പെട്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം വേണ്ടി വരുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. നാട്ടിൽ പോയി രോഗിയായ ഉമ്മയെ കണ്ട് മടങ്ങിവരാൻ താൽക്കാലികമായി യാത്രാവിലക്ക്​ നീക്കി കൊടുത്തു. ഇഖാമയുടെ പകർപ്പ് മറ്റൊരോ ദുരുപയോഗം ചെയ്​തതാണന്നാണ് സംശയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പൊലീസ്​ വിശദമായ അന്വേഷണം നടത്തുകയാണ്​.

       സമാനമായ കേസിൽ മറ്റ് പലരും അകപ്പെട്ടിട്ടുള്ളതായി ഷാജി മതിലകം പറഞ്ഞു. ഫോൺ കണക്ഷൻ എടുക്കുന്നതിനും മറ്റും ഇഖാമ പകർപ്പ് കൈമാറുമ്പാൾ സൂക്ഷ്​മത പുലർത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മക്കയിൽ യാതൊരു നിയമ ലംഘനങ്ങളും നടത്താതെ സ്വസ്ഥമായി ജോലിചെയ്ത് ജീവിച്ച നിരപരാധി കേസിൽ കുടുങ്ങിയത് എല്ലാവർക്കും പാഠമാണെന്നും ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

NDR News
01 Nov 2021 02:40 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents