സ്വദേശികളും വിദേശികളും തിരിച്ചറിയൽ കാർഡ് കൂടെകരുതണമെന്ന് യുഎഇ അധികൃതർ
ജോലി മതിയാക്കി രാജ്യം വിടുന്നവർ വീസയോടൊപ്പം ഐഡി കാർഡ് റദ്ദാക്കണമെന്നതും നിയമമുണ്ട്

അബൂദബി: യുഎഇ സ്വദേശികളും വിദേശികളും തിരിച്ചറിയൽ കാർഡ് കൈയ്യിൽ കരുതണമെന്ന് അധികൃതർ. നിയമപരമായ നടപടികൾക്ക് അവലംബമാക്കുന്ന ഔദ്യോഗിക രേഖയാണ് ഐഡി കാർഡെന്നും അധികൃതർ അറിയിച്ചു. പുറത്തിറങ്ങുമ്പോൾ നിയമ പാലകർ ആവശ്യപ്പെട്ടാൽ ഐഡി കാർഡ് കാണിക്കണം. ഇതാനായി എല്ലാ സമയത്തും കാർഡുണ്ടായിരിക്കണമെന്നാണു ചട്ടം.
കാർഡ് ഭാഗികമായോ പൂർണമായോ ഉപയോഗശൂന്യമായാൽ പുതിയതിന് അപേക്ഷിക്കണം. കാർഡിലെ വിവരങ്ങൾ മായാത്ത വിധം കാർഡ് സൂക്ഷിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
ഐഡി കാർഡ് വിവരങ്ങളിൽ മാറ്റം വന്നിട്ടുണ്ടെങ്കിൽ ഒരു മാസത്തിനകം ഔദ്യോഗിക കേന്ദ്രങ്ങളെ അറിയിച്ച് പുതിയ കാർഡ് കൈപറ്റണം. കാർഡ് നഷ്ടപ്പെട്ടാലും ഉപയോഗശൂന്യമായാലും ഒരാഴ്ചയ്ക്കകം ഏറ്റവും അടുത്ത ഇഐഡിഎ കാര്യാലയത്തിൽ പുതിയ കാർഡിന് അപേക്ഷിക്കണമെന്നാണു നിയമം. സമ്മതപത്രം നൽകിയാണ് പുതിയ കാർഡിന് അപേക്ഷിക്കേണ്ടത്.
കാർഡുടമകൾ മറ്റേതെങ്കിലും കേന്ദ്രത്തിലോ വ്യക്തിഗത രേഖയായ ഐഡി കാർഡ് നൽകുകയോ, ഇടപാടുകൾക്ക് പണയം വയ്ക്കുകയോ ചെയ്യാൻ പാടില്ല. ഇപ്രകാരം ചെയ്യണമെങ്കിൽ കോടതിയുടെ രേഖാപൂർവമുള്ള ഉത്തരവ് വേണം. കളഞ്ഞു കിട്ടിയ ഐഡി കാർഡുകൾ കൈവശം വയ്ക്കുന്നതും നിയമലംഘനമാണ്. ഇത്തരം കാർഡുകൾ ഉപഭോക്തൃ സേവന സെന്ററുകളിലോ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലോ ഏൽപിക്കണം. ജോലി മതിയാക്കി രാജ്യം വിടുന്നവർ വീസയോടൊപ്പം ഐഡി കാർഡ് റദ്ദാക്കണമെന്നതും നിയമമാണ്.
2006 ലെ ഫെഡറൽ നിയമം ഒൻപതാം നമ്പർ ചൂണ്ടിക്കാട്ടിയാണ് അധികൃതർ തിരിച്ചറിയൽ കാർഡിന്റെ ഗൗരവം വ്യക്തമാക്കിയത്.