മദീനക്കടുത്ത് ഒട്ടകത്തിൽ കാറിടിച്ചുണ്ടായ അപകടം; ഒരാൾ കൂടി മരിച്ചു
ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി

ജിദ്ദ: കഴിഞ്ഞമാസം മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം സൗദിയിലെ റാബഖിൽ ഒട്ടകത്തിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു. പാണ്ടിക്കാട് വെള്ളുവങ്ങാട് സ്വദേശി പാലത്തിങ്ങൽ ബീരാൻകുട്ടിയുടെ ഭാര്യ റംലത്ത് (50) ആണ് മരിച്ചത്.
അപകടത്തിൽ ഗുരുതര പരിക്കേറ്റ ഇവർ ജിദ്ദ നോർത്ത് അബ്ഹൂർ കിങ് അബ്ദുള്ള മെഡിക്കൽ കോംപ്ലക്സ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വിദഗ്ധ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കത്തിനിടെയാണ് മരണം. നടപടിക്രമം പൂർത്തിയാക്കി മയ്യിത്ത് ജിദ്ദയിൽ ഖബറടക്കുമെന്ന് മരുമകൻ നൗഫൽ അറിയിച്ചു.
ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. മലപ്പുറം തുവ്വൂർ സ്വദേശി ആലക്കാടൻ റിഷാദ് അലി, ഡ്രൈവർ മലപ്പുറം പുകയൂർ സ്വദേശി അബ്ദുൽ റഊഫ് കൊളക്കാടൻ എന്നിവർ നേരത്തേ മരിച്ചിരുന്നു.
കഴിഞ്ഞമാസം ഏഴിനാണ് മദീന സന്ദർശനം കഴിഞ്ഞ് ജിദ്ദയിലേക്ക് മടങ്ങുംവഴി ഇവർ സഞ്ചരിച്ച ഇന്നോവ കാർ ഒട്ടകത്തിലിടിച്ച് മറിഞ്ഞത്. മരിച്ച റംലത്തിൻെറ മകൾ റിൻസില, മകൻ മുഹമ്മദ് ബിൻസ് (16), നേരത്തേ മരിച്ച റിഷാദ് അലിയുടെ ഭാര്യ ഫർസീന, മൂന്നര വയസ്സായ മകൾ അയ്മിൻ റോഹ എന്നിവർക്കും പരിക്കേറ്റിരുന്നു.
റാബഖ് ജനറൽ ആശുപത്രിയിൽ ചികിത്സയിലിരുന്നവരിൽ ഫർസീന, മകൾ അയ്മിൻ റോഹ എന്നിവർ മൂന്ന് ദിവസങ്ങൾക്കുമുമ്പ് നാട്ടിലേക്ക് പോയിരുന്നു. റിൻസില, മുഹമ്മദ് ബിൻസ് എന്നിവർ ആശുപത്രി വിട്ട് ജിദ്ദയിലെ മുറിയിൽ വിശ്രമത്തിലാണ്. റിൻസിലയുടെ ഭർത്താവ് തുവ്വൂർ മുണ്ടക്കോട് സ്വദേശി നൗഫൽ ജിദ്ദയിലുണ്ട്. മരിച്ച റംലത്തിൻെറ മറ്റൊരു മകൾ മുബശ്ശിറയും ഭർത്താവ് ഫൈസലും നാട്ടിലാണ്.