കുവൈറ്റില്‍ എത്തുന്നവര്‍ക്കുള്ള ക്വാറൻ്റീൻ, പിസിആർ വ്യവസ്ഥകളിൽ ഇന്നു മുതൽ മാറ്റം
ബൂസ്റ്റർ ഡോസ് വാക്സിനെടുക്കാത്തവർക്ക് യാത്രാനിയന്ത്രണം ഏർപ്പെടുത്തും

കുവൈറ്റ്: മറ്റ് രാജ്യങ്ങളില്‍ നിന്ന് കുവൈറ്റില്‍ എത്തുന്നവര്‍ക്കുള്ള ക്വാറൻറീൻ, പിസിആർ വ്യവസ്ഥകളിൽ ഇന്നു മുതൽ മാറ്റം വരും. കുവൈറ്റിൽ എത്തുന്നവര്‍ 48 മണിക്കൂറിനുള്ളിലുള്ള പിസിആർ നെഗറ്റീവ് ഫലം നല്‍കണം. ഇതുവരെ 72 മണിക്കൂറിനുള്ളിലെ ഫലം മതിയായിരുന്നു. കൂടാതെ രാജ്യത്ത് എത്തുന്നവര്‍ക്കുള്ള ക്വാറന്റീൻ ഏഴു ദിവസത്തിന് പകരം 10 ദിവസമാക്കി ഉയർത്തിയിട്ടുണ്ട്.
കുവൈറ്റിലെത്തി 72 മണിക്കൂറിനുശേഷം നടത്തുന്ന പിസിആർ പരിശോധനയില്‍ നെഗറ്റീവ് ആണെങ്കിൽ ക്വാറന്റീൻ അവസാനിപ്പിക്കാനാകും. മൂന്നു ദിവസം നിർബന്ധിത ഹോം ക്വാറന്റീൻ കര്‍ശനമാക്കാനാണ് തീരുമാനം.
രണ്ടു ഡോസ് പൂർത്തിയാക്കി ഒമ്പതു മാസം പിന്നിട്ടിട്ടും ബൂസ്റ്റർ ഡോസ് വാക്സിനെടുക്കാത്തവർക്ക് യാത്രാനിയന്ത്രണം ഏർപ്പെടുത്താനും മന്ത്രിസഭ നേരത്തെ തീരുമാനിച്ചിട്ടുണ്ട്. ജനുവരി രണ്ടു മുതലാണ് ഇത് നിലവില്‍ വരിക. മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്താൽ തിരഞ്ഞെടുക്കപ്പെട്ട പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെത്തി കുത്തിവെപ്പെടുക്കാം. ആഗോളതലത്തില്‍ ഒമൈക്രോൺ വൈറസ് പടരുകയും കുവൈറ്റിലെ പ്രതിദിന കേസുകളില്‍ വര്‍ധന അനുഭവപ്പെടുന്ന പശ്ചാത്തലത്തിലും ചേര്‍ന്ന കുവൈറ്റ് മന്ത്രിസഭാ യോഗമാണ് ക്വാറന്റീൻ, പിസിആർ വ്യവസ്ഥകൾ പരിഷ്കരിക്കാൻ തീരുമാനിച്ചത്.