ദോഹയിൽ വോളിബോൾ മത്സരത്തിന് ആവേശകരമായ തുടക്കം
മലബാർ മഹോത്സവത്തിൻ്റെ ഭാഗമായി കോഴിക്കോട് ജില്ലാ കെ.എം.സി.സിയാണ് വോളിബോൾ മത്സരങ്ങൾ സംഘടിപ്പിച്ചത്.
ദോഹ : മലബാർ മഹോത്സവത്തിൻ്റെ ഭാഗമായി നടക്കുന്ന വോളിബോൾ മത്സരങ്ങൾ അൽ- വക്റയിലെ ബീറ്റാ കാംബ്രിഡ്ജ് സ്ക്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു. മത്സരങ്ങളുടെ ഔപചാരികമായ ഉദ്ഘാടന കർമ്മം അലി ഇൻറർനാഷണൽ ജനറൽ മാനേജർ കെ. മുഹമ്മദ് ഈസ നിർവ്വഹിച്ചു.
കോഴിക്കോട് ജില്ലാ കെ.എം.സി.സി സംഘടിപ്പിച്ച മലബാർ മഹോത്സത്തിലൂടെ വോളിബോളിന് നവ ഊർജ്ജം പകരാനാവുമെന്നും ഈ ഉണർവ് ഉൾക്കൊണ്ട് പുതിയ വോളിബോൾ മത്സരങ്ങൾ ഖത്തറിൻ്റെ മണ്ണിൽ സംഘടിപ്പിക്കാനാവുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ചടങ്ങിൽ കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് ബഷീർ ഖാൻ അധ്യക്ഷനായിരുന്നു.
ആശംസകളർപ്പിച്ച് വോളിബോൾ ഇവൻറ് സ്പോൺസർ പൊയിൽ കുഞ്ഞമ്മദ് (എം.ഡി മൾട്ടിപാക്ക്), നെവീൻ നടരാജൻ (ജി.എം മെഡിസോൺ) , ഡോ: അബ്ദുസ്സമദ് (എം.ഡി.പ്രൊമീസ് മെഡിക്കൽ സെൻ്റർ) എന്നിവർ സംസാരിച്ചു.
കെ.എം.സി.സി സംസ്ഥാന ഭാരവാഹികൾ, അഡ്വൈസറി ബോർഡ് നേതാക്കൾ, വോളിബോൾ സബ് - കമ്മിറ്റി ഭാരവാഹികൾ, ജില്ലാ, മണ്ഡലം, പഞ്ചായത്ത് ഭാരവാഹികളും ചടങ്ങിൽ സംബന്ധിച്ചു. ജനറൽ സെക്രട്ടറി എം.പി ഇല്ല്യാസ് മാസ്റ്റർ സ്വാഗതവും വോളിബോൾവിംഗ് ചെയർമാൻ കെ.കെ ബഷീർ നന്ദിയും പറഞ്ഞു. ഉദ്ഘാടന മത്സരത്തിൽ പേരാമ്പ്ര , ബാലുശ്ശേരി ടീമുകളാണ് ഏറ്റുമുട്ടിയത്.

