ഷാർജയിൽ മലയാളി കുത്തേറ്റു മരിച്ചു; പാകിസ്ഥാൻ സ്വദേശി പിടിയിൽ
മരിച്ചത് മണ്ണാർക്കാട് സ്വദേശി ഹക്കീം

ഷാർജ: ഷാർജയിൽ പാലക്കാട് സ്വദേശിയായ സൂപ്പർമാർക്കറ്റ് ജീവനക്കാരൻ കുത്തേറ്റ് മരിച്ചു. മണ്ണാർക്കാട് സ്വദേശി ഹക്കീമാണ് (36) മരിച്ചത്. സംഭവത്തിൽ പാകിസ്താൻ സ്വദേശി പോലീസ് പിടിയിലായി. ആക്രമണത്തിൽ ഹക്കീമിനെ കൂടാതെ രണ്ട് മലയാളികൾക്കും ഒരു ഈജിപ്ത് പൗരനും പരിക്കേറ്റു.
ഞായറാഴ്ച രാത്രി 12.30ന് ഷാർജ ബുതീനയിലാണ് സംഭവം. യു.എഇയിലെ പ്രമുഖ ഹൈപ്പർമാർക്കറ്റായ നെസ്റ്റോയിൽ മാനേജരാണ് കൊല്ലപ്പെട്ട ഹക്കീം. സ്ഥാപനത്തിന് സമീപത്തെ കഫ്തീരിയയിൽ സഹപ്രവർത്തകരും പാകിസ്താൻ സ്വദേശിയും തമ്മിലുണ്ടായ തർക്കം പരിഹരിക്കാൻ എത്തിയതായിരുന്നു ഹക്കീം. പ്രകോപിതനായ പ്രതി കത്തിയെടുത്ത് ചുറ്റുമുള്ളവരെ ആക്രമിക്കുകയായിരുന്നു. ഷാർജയിൽ ഉണ്ടായിരുന്ന ഹക്കീമിന്റെ കുടുംബം കഴിഞ്ഞദിവസമാണ് നാട്ടിലെത്തിയത്.