ന്യൂയോർക്ക് സിറ്റി മേയറായി ഇന്ത്യൻ വംശജൻ സൊഹ്‌റാൻ മംദാനി തിരഞ്ഞെടുക്കപ്പെട്ടു
ന്യൂയോർക്കിന്റെ ചരിത്രത്തിൽ മേയറാകുന്ന ആദ്യ ഇന്ത്യൻ-അമേരിക്കൻ മുസ്‌ലിം
ന്യൂയോർക്ക്: അമേരിക്കൻ രാഷ്ട്രീയത്തിൽ ചരിത്രപരമായ മുന്നേറ്റം. ന്യൂയോർക്ക് സിറ്റി മേയറായി സൊഹ്‌റാൻ മംദാനി തിരഞ്ഞെടുക്കപ്പെട്ടു. ന്യൂയോർക്കിന്റെ ചരിത്രത്തിൽ മേയറാകുന്ന ആദ്യ ഇന്ത്യൻ-അമേരിക്കൻ മുസ്‌ലിമാണ് 34-കാരനായ സൊഹ്‌റാൻ മംദാനി. മുൻ ഗവർണർ ആൻഡ്രൂ ക്യൂമോ, റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കർട്ടിസ് സ്ലിവ എന്നിവരെ പരാജയപ്പെടുത്തിയാണ് സോഹ്‌റാൻ മംദാനിയുടെ അഭിമാനകരമായ നേട്ടം.
പ്രശസ്ത ഇന്ത്യൻ ചലച്ചിത്ര സംവിധായിക മീര നായരുടെയും ഉഗാണ്ടൻ അക്കാദമിഷ്യൻ മഹ്മൂദ് മംദാനിയുടെയും മകനാണ് സൊഹ്‌റാൻ. ഉഗാണ്ടയിൽ ജനിച്ച അദ്ദേഹം ഏഴാം വയസ്സിൽ ന്യൂയോർക്കിലെത്തി. സാർവത്രിക ശിശു സംരക്ഷണം, കുറഞ്ഞ യാത്രാക്കൂലി തുടങ്ങിയ വിഷയങ്ങളിൽ ഊന്നിയുള്ള അദ്ദേഹത്തിന്റെ പുരോഗമനപരമായ പ്രകടനപത്രികയാണ് തിരഞ്ഞെടുപ്പിൽ നിർണ്ണായകമായത്. ന്യൂയോർക്കിലെ സാധാരണ ക്കാരെയും യുവജനങ്ങളെയും ആകർഷിച്ച മംദാനിയുടെ പ്രചാരണത്തിന് സെനറ്റർ ബെർണി സാൻഡേഴ്‌സ് ഉൾപ്പെടെയുള്ള പ്രമുഖ ദേശീയ നേതാക്കൾ പിന്തുണ നൽകിയിരുന്നു.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പരസ്യമായി മംദാനിക്കെതിരെ രംഗത്തുവന്നതും, ഫെഡറൽ ഫണ്ടിംഗ് വെട്ടിക്കുറക്കുമെന്ന് മുന്നറിയിപ്പ് നൽകിയതും തിരഞ്ഞെടുപ്പിന് വലിയ രാഷ്ട്രീയമാനം നൽകി. കടുത്ത എതിർപ്പുകൾക്കിടയിലും മംദാനി നേടിയ വിജയം, അമേരിക്കൻ രാഷ്ട്രീയത്തിൽ വർദ്ധിച്ചുവരുന്ന പുരോഗമനപരമായ ചിന്താഗതിയുടെ സ്വാധീനത്തെയാണ് വ്യക്തമാക്കുന്നത്.

