കാർട്ടൂണിസ്റ്റ് യേശുദാസൻ അന്തരിച്ചു
മലയാളത്തിൽ കാർട്ടൂണുകളെ ജനപ്രിയമാക്കിയ അദ്ദേഹം അരനൂറ്റാണ്ടിലേറെ മാധ്യമ രംഗത്ത് സജീവമായിരുന്നു
കൊച്ചി: കേരളത്തിലെ ഒരു ജനപ്രിയ കാർട്ടൂണിസ്റ്റായ യേശുദാസൻ അന്തരിച്ചു. 83 വയസ്സായിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.
മലയാളത്തിൽ കാർട്ടൂണുകളെ ജനപ്രിയമാക്കിയ ചാക്കേലാത്ത് ജോൺ യേശുദാസൻ അരനൂറ്റാണ്ടിലേറെ മാധ്യമ രംഗത്ത് സജീവമായിരുന്നു. കാർട്ടൂൺ അക്കാദമിയുടെ സ്ഥാപക ചെയർമാൻ ആയ അദ്ദേഹം കേരള ലളിതകലാ അക്കാദമി മുൻ അധ്യക്ഷനായിരുന്നു.
കേരളത്തിലെ ആദ്യത്തെ പോക്കറ്റ് കാർട്ടൂണിൻ്റെ രചയിതാവായ യേശുദാസൻ മലയാള പത്രത്തിലെ ആദ്യ സ്റ്റാഫ് കാർട്ടൂണിസ്റ്റായിരുന്നു.
യേശുദാസൻ 60 വർഷമായി രാഷ്ട്രീയ കാർട്ടൂൺ രംഗത്തെ അതികായനാണ്. ജനയുഗം, മലയാള മനോരമ തുടങ്ങിയ വിവിധ മാധ്യമങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ജനയുഗം ദിനപത്രത്തിലെ ‘കിട്ടുമ്മാവൻ’ എന്ന കഥാപാത്രമായുള്ള യേശുദാസന്റെ കാർട്ടൂണുകളാണ് മലയാളത്തിലെ ആദ്യത്തെ ‘പോക്കറ്റ്’ കാർട്ടൂണുകൾ. വനിതയിലെ ‘ശ്രീമതി. നായർ', മലയാള മനോരയിലെ ‘പൊന്നമ്മ സൂപ്രണ്ട്’, ‘ജൂബ ചേട്ടൻ’ എന്നിവർ അദ്ദേഹത്തിന്റെ സൃഷ്ടികളാണ്.
1938 ജൂൺ 12 -ന് മാവേലിക്കരയ്ക്കടുത്ത ഭരണിക്കാവിൽ ജനിച്ചു. ബിഎസ്‌സി ബിരുദം നേടിയ ശേഷം. 1963 -ൽ അദ്ദേഹം ഇന്ത്യൻ കാർട്ടൂണിസ്റ്റുകളുടെ കുലപതിയായ ശങ്കറിന്റെ ശിഷ്യനായി ഡൽഹിയിലെ ശങ്കേഴ്സ് വീക്കിലിയിൽ ചേർന്നു. കേരളത്തിൽ തിരിച്ചെത്തിയതിനു ശേഷം, 'ദാസ്' അടിയന്തരാവസ്ഥ വരെ രാഷ്ട്രീയ കാർട്ടൂണുകൾ വരച്ചു. അച്യുതമേനോന്റെ അഭ്യർത്ഥനപ്രകാരം, 1969 മുതൽ കുട്ടികളുടെ മലയാള മാസികയായ ‘ബാലയുഗം’ എഡിറ്ററായിരുന്നു. മെട്രോ ന്യൂസ്, ദേശാഭിമാനി ദിനപത്രങ്ങളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. അണിയറ, പ്രഥമദൃഷ്ടി, പോസ്റ്റ്മോർട്ടം, വരയിലെ നായനാർ, വരയിലെ നേതാവ്, 9-പുരാണകില റോഡ് എന്നിവയാണ് പ്രധാന കൃതികൾ. കാർട്ടൂണുകൾക്കു പുറമേ യേശുദാസും ചില സിനിമകളുടെ ഭാഗമായിട്ടുണ്ട്. 1984 -ൽ കെ.ജി. ജോർജ്ജ് സംവിധാനം ചെയ്ത ‘പഞ്ചവാടിപ്പാലം’ എന്ന മലയാള സിനിമയുടെ സംഭാഷണവും 1992 ൽ എ ടി അബു സംവിധാനം ചെയ്ത ‘എന്റെ പൊന്നു തമ്പുരാൻ’ എന്ന സിനിമയുടെ തിരക്കഥയും എഴുതിയത് കാർട്ടൂണിസ്റ്റ് യേശുദാസനാണ്.
1938 ജൂൺ 12 -ന് ആലപ്പുഴ ജില്ലയിലെ മാവേലിക്കരയ്ക്കടുത്ത ഭരണിക്കാവിൽ ജോൺ മത്തായി, മറിയാമ്മ ദമ്പതികളുടെ മകനായി ജനിച്ചു. മേഴ്സിയാണ് ഭാര്യ. സാനു വൈ ദാസ് , സേതു വൈ ദാസ്, സുകുദാസ് എന്നിവർ മക്കളാണ്.

