നീറ്റ് പരീക്ഷയില്‍ മലയാളിയായ കാര്‍ത്തികയ്ക്ക് 720/720
കണ്ണൂർ കരിവെള്ളൂർ സ്വദേശിയായ ഗംഗാധരന്റെ മകളാണ് കാർത്തിക

മുംബൈ: നീറ്റ് പരീക്ഷയിൽ അഖിലേന്ത്യാതലത്തിൽ ഒന്നാംറാങ്ക് നേടിയ മുംബൈ മലയാളിയായ കാർത്തിക ജി. നായർ മുഴുവൻ മാർക്കും (720/720) സ്കോർ ചെയ്താണ് ഈ നേട്ടം കൈവരിച്ചത്.
ന്യൂ പനവേലിലെ പ്രജാപതി ഗാർഡൻസിൽ താമസിക്കുന്ന കാർത്തികയ്ക്ക് ഡൽഹിയിലെ ഓൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് മെഡിക്കൽ ബിരുദം നേടാനാണ് താത്പര്യം. കണ്ണൂർ കരിവെള്ളൂർ സ്വദേശിയായ ഗംഗാധരന്റെ മകളാണ് കാർത്തിക.
ടെക്നോവ എന്ന സ്വകാര്യകമ്പനിയിലെ ജീവനക്കാരനാണ് ഗംഗാധരൻ. അമ്മ ശ്രീവിദ്യ പനവേലിലെ പിള്ള കോളേജിൽ അധ്യാപികയാണ്. സഹോദരി ജീവിക.
സെപ്റ്റംബർ 12ന് നടത്തിയ പരീക്ഷ 16 ലക്ഷത്തിലധികംപേരാണ് എഴുതിയത്. വിവിധ വിഭാഗങ്ങളിലായി മൊത്തം 8,70,081 പേർ യോഗ്യതനേടി. അൺ റിസർവ്ഡ് (യു.ആർ.)/ഇ.ഡബ്ല്യു.എസ്. വിഭാഗം കട്ട് ഓഫ് സ്കോർ (50ാം പെർസന്റൈൽ) 138 ആണ്. ഈ വിഭാഗത്തിൽ യോഗ്യതനേടിയവരുടെ എണ്ണം 7,70,864. മറ്റുവിഭാഗം കട്ട് ഓഫ് സ്കോർ: യു.ആർ./ഇ.ഡബ്ല്യു.എസ്. പി.ഡബ്ല്യു.ഡി. (45ാം പെർസന്റൈൽ) 122, ഒ.ബി.സി., എസ്.സി., എസ്.ടി. വിഭാഗങ്ങളിലെ പി.ഡബ്ല്യു.ഡി. (40ാം പെർസന്റൈൽ) 108.