ഇൻസ്റ്റഗ്രാമിലൂടെ പരിചയം, പെൺകുട്ടിയുമായി കടന്ന പ്രതിയെ വിദഗ്ധമായി കുടുക്കി
സിസി ടിവിയുടെയും സൈബർ സെല്ലിൻ്റെയും സഹായത്തോടെയാണ് പോലീസ് ഇവരെ കണ്ടെത്തിയത്
കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയ യുവാവിനെ അതിവിദഗ്ധമായി കുടുക്കി കോഴിക്കോട് പന്തീരാങ്കാവ് പൊലീസ്. സിസിടിവി ദൃശ്യങ്ങളുടെയും സൈബർസെല്ലിന്റെയും സഹായത്തോടെയാണ് പ്രതിയേയും പെൺകുട്ടിയെയും പൊലീസ് കണ്ടെത്തിയത്.
തിങ്കളാഴ്ച വൈകിട്ട് നാലോടെയാണ് സ്കൂൾ വിദ്യാർത്ഥിനിയായ പെൺകുട്ടിയെ കാണാനില്ലെന്ന് വീട്ടുകാർ പന്തീരാങ്കാവ് പോലീസിൽ പരാതിപ്പെട്ടത്. തൊട്ടുപിന്നാലെ നഗരത്തിലെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടർന്ന് റെയിൽവേ സ്റ്റേഷനിലെ നാല്പതോളം സിസിടിവി ക്യാമറകൾ പരിശോദിച്ചതിൽ പെൺകുട്ടി ഒരാൾക്കൊപ്പം നടന്നുപോകുന്നതിന്റെയും കൗണ്ടറിൽനിന്ന് ടിക്കറ്റ് എടുക്കുന്നതിന്റെയും ദൃശ്യങ്ങൾ ലഭിച്ചു.
ടിക്കറ്റെടുത്ത സമയം വെച്ച് കൗണ്ടറിൽ പരിശോധിച്ചപ്പോൾ ഇവർ പോയത് കൊല്ലത്തേക്കുള്ള ട്രെയിനിൽ ആണെന്ന് മനസ്സിലായി കൊല്ലം പോലീസിൽ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് കൊല്ലത്ത് ട്രെയിൻ പരിശോധിച്ചെങ്കിലും ഇവർ ബുക്ക് ചെയ്ത സീറ്റിൽ കോഴിക്കോട് നിന്ന് ആരും കയറിയില്ല എന്ന് കണ്ടെത്തി.
ഇതോടെ അന്വേഷണം വഴിമുട്ടി എന്നാൽ തോറ്റു പിന്മാറാതെ പോലീസ് ടിക്കറ്റ് കൗണ്ടറിൽ നൽകിയ കൂടുതൽ വിവരങ്ങൾ ശേഖരിച്ചു. ഫോൺ നമ്പർ നൽകിയിരുന്നില്ലെന്നും അജാസ് എന്നാണ് പേര് എന്ന് മനസിലാക്കി.
ഈ പേരിൽ ഉള്ളവരുടെ ഫേസ്ബുക്കിൽ അന്വേഷിച്ചു അങ്ങിനെ ലഭിച്ച ഫോൺ നമ്പർ സൈബർ സെൽ സഹായത്തോടെ പരിശോധിച്ചപ്പോൾ ഇവയിൽ ഒന്നിൻ്റെ ലൊക്കേഷൻ കൊട്ടാരക്കര എന്ന് കണ്ടെത്തി. ഇതോടെ ചടയമംഗലം പോലീസ് കൊട്ടാരക്കരയിൽ നിന്നുള്ള സൂപ്പർഫാസ്റ്റ് ബസ് തടഞ്ഞുനിർത്തി പരിശോധിച്ചതിൽ നിന്നാണ് കണ്ണൂർ സ്വദേശിയായ പ്രതിയെയും പെൺകുട്ടിയെയും കണ്ടെത്തിയത്.
പെൺകുട്ടിയെ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഇയാളുടെ പെൺകുട്ടിയുമായുള്ള മുഴുവൻ ആശയവിനിമയങ്ങളും ഇൻസ്റ്റഗ്രാമിലൂടെ മാത്രമായിരുന്നു.

