കേന്ദ്രത്തിൻ്റേത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം - മന്ത്രി കെ. എൻ. ബാലഗോപാൽ
പ്രത്യേക നികുതിയും സെസും കുറയ്ക്കാൻ കേന്ദ്രം തയ്യാറാകണം

തിരുവനന്തപുരം: പെട്രോളിനും ഡീസലിനും വില കുറച്ചത് രാജ്യത്താകെ ഉയർന്നുവന്ന ജനരോഷത്തിൽനിന്നും താൽക്കാലികമായി മുഖം രക്ഷിച്ചെടുക്കാനുള്ള കേന്ദ്ര നീക്കത്തിൻ്റെ ഭാഗമെന്ന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ. ജനങ്ങളുടെ ശക്തമായ ജനരോക്ഷത്തെത്തുടർന്നാണ് പെട്രോളിനും ഡീസലിനും മേൽ ചുമത്തിയ പ്രത്യേക എക്സൈസ് നികുതിയിൽ ചെറിയ കുറവ് വരുത്താൻ കേന്ദ്രം തയ്യാറായത്. ഇതനുസരിച്ച് പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയും ആണ് കുറയുക.
എന്നാൽ കഴിഞ്ഞ ഏതാനും മാസങ്ങൾകൊണ്ട് ഒരു ലിറ്റർ ഡീസലിനും പെട്രോളിനും മേൽ 30 രൂപയിലധികം പ്രത്യേക നികുതിയും സെസും കേന്ദ്ര സർക്കാർ ചുമത്തിയിട്ടുണ്ട്. സംസ്ഥാനങ്ങൾക്ക് വീതം വെക്കേണ്ടതില്ലാത്ത ഈ നികുതിവരുമാനം പെട്രോളിയത്തിന്റെ അന്തർദേശീയ വിലവ്യതിയാനങ്ങളുമായി ബന്ധമില്ലാതെ കേന്ദ്രം ചുമത്തുന്ന അധിക നികുതിയാണെന്നും മന്ത്രി പറഞ്ഞു.
നിലവിലുള്ള കേന്ദ്ര നികുതിക്കു പുറമെ പ്രത്യേക നികുതിയായും സെസ് ആയും കേന്ദ്രം മുപ്പതിലധികം രൂപ ഓരോ ലിറ്ററിനും ഈടാക്കുന്നുണ്ട്. ഈ നിരക്ക് അടിയന്തരമായി കുറവ് ചെയ്ത് ജനങ്ങളെ സഹായിക്കുകയാണ് കേന്ദ്രം ചെയ്യേണ്ടിയിരുന്നത്. പെട്രോളിനും ഡീസലിനും മേലുള്ള സംസ്ഥാന നികുതി കഴിഞ്ഞ ആറു വർഷമായി സംസ്ഥാന സർക്കാർ വർധിപ്പിച്ചിട്ടില്ല. ഇക്കാലയളവിൽ ഒരു തവണ നികുതി കുറച്ചെന്നും അദ്ദേഹം പറഞ്ഞു