കേരള കാർഷിക സർവ്വകലാശാലയിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിലെ ദുരൂഹത അന്വേഷിക്കണം - എസ്എഫ്ഐ
ആത്മഹത്യയ്ക്ക് പിന്നിൽ റാഗിംഗ് ഉണ്ടോയെന്നതും അന്വേഷിക്കണം
തൃശൂർ: കേരള കാർഷിക സർവകലാശാലയിൽ വിദ്യാർഥി ആത്മഹത്യചെയ്‌ത സംഭവത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് എസ്‌എഫ്‌ഐ ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. കെഎസ്‌യുവിന് വലിയ സ്വാധീനമുള്ള ക്യാമ്പസാണ് ഹോർട്ടികൾച്ചർ കോളേജ്. ഒന്നാംവർഷ ഹോർട്ടികൾച്ചർ വിദ്യാർഥി മഹേഷാ(19)ണ് ആത്മഹത്യ ചെയ്തത്.
നിരന്തരമായി വിദ്യാർഥികൾ റാഗിങ്ങിനിരയാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതുമായി ബന്ധപ്പെട്ട പരാതികളും വിദ്യാർഥികൾ അധികാരികൾക്ക് സമർപ്പിച്ചിരുന്നു.
വർഷങ്ങൾക്ക് മുൻപേ തന്നെ ക്യാമ്പസിൽ പഠിച്ചിരുന്ന ചില വിദ്യാർഥികൾ ഹോർട്ടികൾച്ചർ കോളേജിൽ തമ്പടിച്ച് വിദ്യാർഥികളെ റാഗ് ചെയ്യുന്നതായും പരാതിയുണ്ട്. മഹേഷിന്റെ ആത്മഹത്യക്കുപിന്നിൽ റാഗിങ്ങുണ്ടോയെന്ന് പൊലീസ് അന്വേഷിക്കണമെന്നും എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ജാസിർ ഇക്ബാൽ, സെക്രട്ടറി സി. എസ്. സംഗീത് എന്നിവർ ആവശ്യപ്പെട്ടു.

