കേരാഫെഡ് സംയുക്ത ട്രേഡ് യൂണിയൻ സമരം; നഷ്ടം 25 കോടി
പ്ലാൻ്റുകൾ പ്രവർത്തനം പുനരാരംഭിച്ചെങ്കിലും ഉത്പന്നങ്ങളുടെ വിപണിയിലെ ക്ഷാമം പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല

കൊച്ചി: ഇരുപത്തിയഞ്ച് ദിവസത്തെ കേരാഫെഡ് സംയുക്ത തൊഴിലാളി സമരത്തിൽ 25 കോടിയോളം രൂപയുടെ നഷ്ടം. ജി.എസ്.ടി. ഇനത്തിൽ സർക്കാരിന് ലഭിക്കേണ്ടിയിരുന്ന ഒരു കോടി രൂപയും നഷ്ടമായി. കേരാഫെഡിൻ്റെ പ്രധാന ഉത്പന്നമായ കേര വെളിച്ചെണ്ണയുടെ ഉത്പാദനവും നിലച്ചതോടെയാണ് വൻ നഷ്ടം സംഭവിച്ചത്.
പ്രതിമാസം 1100 മെട്രിക് ടൺ വെളിച്ചെണ്ണയാണ് നടുവണ്ണൂർ മന്ദങ്കാവിലെയും കരുനാഗപ്പള്ളിയിലെയും പ്ലാൻ്റുകളിൽ നിർമ്മിക്കുന്നത്. ഉത്പാദനം നിലച്ചതോടെ വിപണിയിലെ താരമായ കേര വെളിച്ചെണ്ണയ്‌ക്ക് വൻ ക്ഷാമമാണ് നേരിട്ടത്. ഉത്പാദനം പുനരാരംഭിച്ചെങ്കിലും വിപണിയിലെ കുറവ് പരിഹരിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
പതിനൊന്നാം ശമ്പള പരിഷ്കരണം നടപ്പിലാക്കുക, ലീവ് ഏകീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംയുക്ത തൊഴിലാളി യൂണിയൻ സമരം നടത്തിയത്. കഴിഞ്ഞ മാസം 5ന് ആരംഭിച്ച സമരം 29 വരെ നീണ്ടുനിന്നു.