സൈനിക ഉദ്യോഗസ്ഥൻ ചമഞ്ഞ് 'ഫേസ്ബുക് ഹണിട്രാപ്പ് '; യുവാവ് പിടിയിൽ
തട്ടിപ്പിനിരയായ പതിനേഴുകാരിയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്
നെടുങ്കണ്ടം: സൈനിക ഉദ്യോഗസ്ഥൻ ചമഞ്ഞ് വീട്ടമ്മമാരെയും പെൺകുട്ടികളെയും ഹണി ട്രാപ്പിൽപ്പെടുത്തി പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം ശൂരനാട് രഞ്ജിത്ത് ആർ പിള്ള 29 ആണ് അറസ്റ്റിലായത്.
ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും അജയകുമാർ എന്ന പേരിൽ അക്കൗണ്ട് തുടങ്ങിയാണ് രഞ്ജിത്ത് തട്ടിപ്പ് നടത്തിയത്. ഉന്നത സൈനിക ഉദ്യോഗസ്ഥർ ധരിക്കുന്ന യൂണിഫോം ധരിച്ച് യുവാക്കളുടെ ആകർഷക ചിത്രങ്ങൾ കൃത്രിമമായി നിർമ്മിച്ച് പ്രൊഫൈൽ ചിത്രമാക്കി ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെടുന്ന പ്രതി സ്ത്രീകളെയും കുട്ടികളെയും വശീകരിക്കുന്നു. സ്വകാര്യ ഫോട്ടോകൾ കൈക്കലാക്കിയാൽ പിന്നെ പണം ആവശ്യപ്പെടുകയുമാണ് ചെയ്യുന്നത്.
തട്ടിപ്പിന് ഇരയായ സ്വദേശിയായ പതിനേഴുകാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
സി ഐ അജയകുമാർ സുനിൽ, മാത്യു എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് കോയമ്പത്തൂരിൽ നിന്നും പ്രതിയെ പിടികൂടിയത്.
2018ൽ പൂനയിൽ ഒരു സൈനിക കാന്റീനിൽ ജോലി ചെയ്തിരുന്ന പ്രതി ഇപ്പോൾ കോയമ്പത്തൂരിൽ പെയിന്റിംഗ് ജോലി ചെയ്യുന്നതിനിടയിലാണ് പെൺകുട്ടികളെയും വീട്ടമ്മമാരെയും വലയിലാക്കുന്ന ഹണിട്രാപ്പുമായി രംഗത്ത് വന്നത്.
പതിനായിരം രൂപ വരെ രഞ്ജിത്ത് പലരിൽ നിന്നായി തട്ടിയെടുത്തിട്ടുണ്ട്. ഇത്തരം തട്ടിപ്പിന് മാത്രമായി ഒരു ഫോണും രഞ്ജിത്തിന്റെ കൈവശമുണ്ട്. നവമാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടിൽ നിന്നും ഫ്രണ്ട് റിക്വസ്റ്റുകൾ അയച്ച് വീട്ടമ്മമാരെയും വിദ്യാർഥിനികളെയും സുഹൃത്തുക്കളാക്കിയതിനുശേഷം അവരുടെ ചിത്രങ്ങൾ ശേഖരിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് ഇയാളുടെ രീതി എന്ന് പൊലീസ് പറഞ്ഞു. എന്നാൽ ഒരു തവണപോലും ഇയാൾ വീഡിയോ കോളിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ലെന്നു തട്ടിപ്പിന് ഇരയായവർ പറഞ്ഞു.
ഇത്തരത്തിൽ നിരവധി പേർക്ക് പണം നഷ്ടപ്പെട്ടിട്ടും 17 വയസ്സുകാരി കഴിഞ്ഞ മാസം നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയാണ് പ്രതിയുടെ അറസ്റ്റിലേക്ക് നയിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

