ഇടുക്കി ഡാമിൽ ഓറഞ്ച് അലേർട്ട്
ജലനിരപ്പ് 2398.32 അടിയായി ഉയർന്നു

ഇടുക്കി: കനത്ത മഴയിൽ ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ ഇടുക്കി ഡാമിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തുലാവർഷം ശക്തിപ്രാപിച്ചു നിൽക്കുന്നതിനാലും ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് തുടർച്ചയായി മഴ ലഭിക്കുന്നതിനാലും ജലസംഭരണിയുടെ ജലനിരപ്പ് ക്രമേണ ഉയർന്നു വരുന്നതുമായ സാഹചര്യത്തിൽ ഇടുക്കി ഡാമിൽ രണ്ടാംഘട്ട മുന്നറിയിപ്പ് പ്രഖ്യാപിച്ചത്.
അണക്കെട്ടിലെ ജലനിരപ്പ് 2398.03 അടിയായപ്പോഴാണ് മുന്നറിയിപ്പ് പുറപ്പെടുവിപ്പിച്ചത്. നിലവിൽ 2398.32 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ഇടുക്കി ജലസംഭരണിയുടെ പരമാവധി സംഭരണശേഷി 2403 അടിയാണ്. ജില്ലയിലെ വിവിധ വകുപ്പുകൾക്കും പൊതുജനങ്ങൾക്കും ജില്ലാ കളക്ടർ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.