മലിനീകരണത്തിൽ ശ്വാസംമുട്ടി ഡല്‍ഹി; തിങ്കളാഴ്‌ച മുതൽ സ്‌കൂളുകള്‍ക്ക് അവധി
14 മുതൽ 17 വരെ ഡൽഹിയിലുടനീളമുള്ള നിർമാണ പ്രവർത്തനങ്ങൾക്കും വിലക്ക്.

ന്യൂഡൽഹി: വായു മലിനീകരണ തോത് വർധിക്കുന്നതിനാൽ ഡൽഹിയിൽ ഈമാസം 15 മുതൽ സ്കൂളുകൾക്ക് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അവധി പ്രഖ്യാപിച്ചു. വിദ്യാർഥികൾക്കായി ഓൺലൈൻ ക്ലാസുകൾ തുടരുന്നതായിരിക്കും. 14 മുതൽ 17 വരെ ഡൽഹിയിലുടനീളമുള്ള നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കേണ്ടതാണെന്നും കെജ്രിവാൾ പറഞ്ഞു.
അടുത്ത ആഴ്ച 100 ശതമാനം സർക്കാർ ജീവനക്കാർക്കും വർക്ക് ഫ്രം ഹോം എർപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്വകാര്യ സ്ഥാപനങ്ങളും ജീവനക്കാരോട് വർക്ക് ഫ്രം ഹോമിൽ പോകാൻ നിർദേശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മന്ത്രിമാരുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും നടത്തിയ അടിയന്തര യോഗത്തിന് ശേഷമാണ് ഡൽഹി മുഖ്യമന്ത്രിയുടെ ഈ തീരുമാനം . ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ, പരിസ്ഥിതി മന്ത്രി ഗോപാൽ റായ്, ചീഫ് സെക്രട്ടറി, മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.