യു.എ.ഇയിൽ നേരിയ ഭൂചലനം; പരിഭ്രാന്തരായി ആളുകൾ പുറത്തിറങ്ങി
റിക്ടര്‍ സ്‌കെയിലില്‍ 2.3 രേഖപ്പെടുത്തിയ ചലനമാണ് അനുഭവപ്പെട്ടത്

ദുബൈ: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 2.3 രേഖപ്പെടുത്തിയ ചലനമാണ് അനുഭവപ്പെട്ടത്. യുഎഇയിലെ മുഴുവന്‍ എമിറേറ്റുകളിലും പ്രകമ്പനമുണ്ടായി. ദുബൈയില്‍ പരിഭ്രാന്തരായ ജനങ്ങള്‍ കെട്ടിടങ്ങളില്‍ നിന്ന് പുറത്തേക്കിറങ്ങി നിന്നു.
ഇറാന്റെ തെക്കുഭാഗത്താണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോര്‍ട്ട്. വൈകീട്ട് 4 മണിക്കു ശേഷം റിക്ടര്‍ സ്‌കെയിലില്‍ 6.2 രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഇറാനില്‍ അനുഭവപ്പെട്ടത്. ഇതിന്റെ നേരിയ പ്രഭാവം മാത്രമാണ് യുഎഇയില്‍ ഉണ്ടായതെന്നും എവിടെയും നാശനഷ്ടങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടില്ലെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ദുബൈ, ഷാര്‍ജ, റാസല്‍ഖൈമ എന്നിവിടങ്ങളിലെ നിരവധി പേര്‍ പ്രകമ്പനം അനുഭവപ്പെട്ടതായി റിപോര്‍ട്ട് ചെയ്തു. രണ്ട് മൂന്ന് മിനിറ്റ് നേരത്തേക്ക് വിറയല്‍ അനുഭപ്പെട്ടുവെന്ന് ജുമൈറ ലേക്ക് ടവേഴ്‌സ്, നഹ്ദ, ദേര, ബര്‍ഷ, ദുബൈ ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്ക് എന്നിവിടങ്ങളിലെ താമസക്കാര്‍ പറഞ്ഞു.