ദേശീയ പാതകളുടെ സ്ഥലമേറ്റെടുപ്പിന് തുകയുടെ 25 ശതമാനം സംസ്ഥാനം വഹിക്കും
കേന്ദ്ര ഉപരിതല മന്ത്രാലയത്തിന് മുഴുവൻ സഹായവും നൽകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം : സംസ്ഥാനത്തെ ആറ് ദേശീയപാതകളുടെ വികസനത്തിനുള്ള 62,320 കോടിയുടെ പദ്ധതികളിൽ മൂന്ന് എണ്ണത്തിന് സ്ഥലം ഏറ്റെടുക്കാനുള്ള തുകയുടെ 25 ശതമാനം കേരളം വഹിക്കാമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തെ അറിയിച്ചു.
പാലക്കാട്- കോഴിക്കോട് എൻഎച്ച് 966 നാലുവരിപ്പാത (9272 കോടി), തിരുവനന്തപുരം– കൊട്ടാരക്കര– കോട്ടയം– അങ്കമാലി എൻഎച്ച് 183, എസ്‌എച്ച് 01 (17,328 കോടി), എൻഎച്ച് 85ൽ കൊച്ചി–മൂന്നാർ– തേനി നാലുവരിപ്പാത (11,552 കോടി) എന്നീ പദ്ധതികളുടെ ഭൂമി ഏറ്റെടുക്കലിനുള്ള തുകയുടെ 25 ശതമാനമാണ് കേരളം വഹിക്കുക. മറ്റ് ദേശീയപാതകൾക്ക് ഭൂമി ഏറ്റെടുക്കുന്നതിനുള്ള തുകയുടെ 25 ശതമാനം വഹിക്കുന്നത് ധനവകുപ്പിന്റെ പരിഗണനയിലാണ്.
2016ൽ എൽഡിഎഫ് അധികാരത്തിലേറിയതോടെയാണ് ഭൂമി ഏറ്റെടുക്കലിന് സംസ്ഥാനം തുക ചെലവഴിക്കേണ്ടതില്ലെങ്കിലും എൻഎച്ച് 66ന്റെ വികസനത്തിന് 25 ശതമാനം തുക കേരളം ഏറ്റെടുത്തുത്തത്. കേന്ദ്രം ആവശ്യപ്പെട്ട 25 ശതമാനം തുക സംസ്ഥാനം ദേശീയപാതാ അതോറിറ്റിക്ക് കൈമാറുകയും ചെയ്‌തിട്ടുണ്ട്.
സംസ്ഥാനത്തെ ദേശീയപാതകളുടെ വികസനത്തിന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിന് മുഴുവൻ സഹായവും നൽകുമെന്ന് പൊതുമരാമത്തു വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പദ്ധതിപ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ നിരന്തരം അവലോകനയോഗം ചേരുമെന്നും മന്ത്രി വ്യക്തമാക്കി.