ആമസോൺ വഴി കഞ്ചാവ് കടത്ത്; നാലു പേർ അറസ്റ്റിൽ
വിശാഖപട്ടണത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്
വിശാഖപട്ടണം: ആമസോണ്‍ വഴി കഞ്ചാവ് കടത്തിയ കേസില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ വിശാഖപട്ടണത്ത് നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഇതോടെ ആമസോണ്‍ വഴി കഞ്ചാവും മരിജുവാനയും കടത്തിയ സംഭവത്തിൽ അറസ്റ്റ് എട്ടായി.
മധ്യപ്രദേശ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നാണ് മറ്റ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇതുവരെ ആകെ 68 കിലോ കള്ളക്കടത്ത് വസ്തുക്കളാണ് പിടികൂടിയത്. ഇതില്‍ 48 കിലോ കഞ്ചാവ് രണ്ട് ജൂട്ട് ബാഗുകളിലായാണ് പിടികൂടിയത്.
നവംബര്‍ 13നായിരുന്നു 20 കിലോ മരിജുവാനയുമായി എത്തിയ രണ്ട് പേരെ മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് നവംബര്‍ 20ന് രണ്ട് പേരെ അറസ്റ്റ് ചെയ്തു.
മധുര തുളസിയെന്ന വ്യാജനേയാണ് ഇവര്‍ ആമസോണ്‍ വെബ്‌സൈറ്റ് ഉപയോഗിച്ചത്. ഇതിലൂടെ കഞ്ചാവ് വിതരണം ചെയ്തതായും ഓര്‍ഡര്‍ സ്വീകരിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. മധ്യപ്രദേശ് പൊലീസ് നല്‍കിയ സൂചനകളുപയോഗിച്ചാണ് ആന്ധ്രാപ്രദേശില്‍ നിന്നും നാല് പേരെ അറസ്റ്റ് ചെയ്തതെന്ന് മധ്യപ്രദേശ് പൊലീസ് മേധാവി പറഞ്ഞു. 1,48,000 ഡോളര്‍ വിലമതിക്കുന്ന 1,000 കിലോ കഞ്ചാവെങ്കിലും ഇത്തരത്തില്‍ വിറ്റഴിച്ചിട്ടുണ്ടാകുമെന്നാണ് പൊലീസ് എത്തിച്ചേർന്ന നിഗമനം.

