മരണത്തിൽ ദുരൂഹത ശവസംസ്കാര ചടങ്ങുകൾ തടഞ്ഞ് പോലീസ്; കേസെടുത്ത് അന്വേഷണം ആരംഭിച്ചു
ഹൃദയാഘാതം മൂലമാണ് മരണമെന്നായിരുന്നു ബന്ധുക്കളുടെ നിലപാട്
കോഴിക്കോട്: മരണത്തിൽ ദുരൂഹത ആരോപിച്ച് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തെ തുടർന്ന് ശവസംസ്കാരച്ചടങ്ങുകൾ പോലീസ് തടഞ്ഞു. പെരുമണ്ണ ചിറ്റ്യേടത്ത് വേലായുധ(76)ന്റെ സംസ്കാര ചടങ്ങുകളാണ് പോലീസ് തടഞ്ഞത്.
ചൊവ്വാഴ്ച രാവിലെയാണ് വേലായുധൻ മരിച്ചത്. 11 മണിയോടെ സംസ്കാരചടങ്ങുകൾ നടത്താനായിരുന്നു തീരുമാനം. ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ നടക്കവേ പന്തീരാങ്കാവ് പോലീസ് സ്ഥലത്തെത്തി ബന്ധുക്കളോട് സംസ്കാരം നിർത്തിവെക്കാൻ ആവശ്യപ്പെടുകയായിരുന്നു.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഹൃദയാഘാതം മൂലമാണ് വേലായുധൻ മരിച്ചതെന്നാണ് ബന്ധുക്കൾ പറഞ്ഞിരുന്നത്. എന്നാൽ മരണം ആത്മഹത്യയായിരുന്നു വെന്നും മാനഹാനിമൂലം ഈ വിവരം ബന്ധുക്കൾ മറച്ചുവെക്കുകയായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്.
പോലീസ് നടത്തിയ ഇൻക്വസ്റ്റിലും ആത്മഹത്യയായിരുന്നു തെളിഞ്ഞിട്ടുണ്ട്. ബന്ധുക്കൾ സംഭവം മറച്ചുവെക്കുകയായിരുന്നു എന്ന് സമ്മതിച്ചതായി പോലീസ് പറഞ്ഞു. നടപടികൾക്കുശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി ബുധനാഴ്ച പോസ്റ്റ്മോർട്ടത്തിനു ശേഷം മാനാരി ശ്മശാനത്തിൽ സംസ്ക്കരിക്കും. ഭാര്യ പരേതയായ ശാന്ത. മക്കൾ: പ്രജീഷ്, പ്രീത, പ്രിയ, പ്രീജ. മരുമക്കൾ: ദേവദാസ്, വിജയകുമാർ, ധന്യ, പരേതനായ സുധീഷ് കുമാർ.

