രാജ്യത്ത് ജനസംഖ്യാ വർധനയിൽ ഇടിവ്; സ്ത്രീകളുടെ എണ്ണത്തിൽ വർധന
1000 പുരുഷന്മാർക്ക് 1020 സ്ത്രീകളായി വർദ്ധിച്ചു
ന്യൂഡൽഹി: രാജ്യത്ത് ജനസംഖ്യാ വർധനയിൽ ഇടിവ്. അഞ്ചാമത് ദേശീയ കുടുംബാരോഗ്യ സർവേ (എൻഎഫ്‌എച്ച്‌എസ്) നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ആദ്യമായാണ് ഇത്തരത്തിൽ ഇടിവ് റിപ്പോർട്ട് ചെയ്യുന്നത്.
പ്രത്യുൽപ്പാദന നിരക്ക് ഇതാദ്യമായാണ് രണ്ടു ശതമാനത്തിൽ താഴെയായത്. 2015–16 ല്‍ നടത്തിയ നാലാം സര്‍വേയില്‍ ഇത് 2.2 ആയിരുന്നു. പ്രത്യുൽപ്പാദന നിരക്ക് രണ്ടിൽ കുറയുമ്പോഴാണ് ജനസംഖ്യാ വർധന കുറയുന്നതായി കണക്കാക്കുന്നത്.
രാജ്യത്ത് ആദ്യമായി സ്‌ത്രീകളുടെ എണ്ണം വർധിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ സർവേയിൽ 1000 പുരുഷന്മാർക്ക് 991 സ്‌ത്രീകളായിരുന്നു. എന്നാൽ പുതിയ സർവേയിൽ 1000 പുരുഷന്മാര്‍ക്ക് 1020 സ്‌ത്രീകൾ എന്നതാണ് കണക്ക്. പകുതിയിലേറെ സ്‌ത്രീകൾക്കും കുട്ടികൾക്കും വിളർച്ചയുള്ളതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
കേരളത്തിൽ പ്രത്യുൽപ്പാദന നിരക്ക് 1.6 ൽനിന്ന് 1.8ഉം തമിഴ്‌നാട്ടിൽ 1.7ൽനിന്ന് 1.8ഉം ആയി വർധിച്ചു. മറ്റ് സംസ്ഥാനങ്ങളിലെല്ലാം തന്നെ നിരക്ക് കുറഞ്ഞിട്ടുണ്ട്. ബിഹാർ, യുപി, ജാർഖണ്ഡ്, മേഘാലയ, മണിപ്പുർ സംസ്ഥാനങ്ങളിൽ മാത്രമാണ് നിരക്ക് രണ്ടിൽ കൂടുതൽ. ബിഹാറിൽ മൂന്നും യുപിയിൽ 2.4ഉം ജാർഖണ്ഡിൽ 2.3മാണ് പ്രത്യുൽപ്പാദന നിരക്ക്.

