ആശങ്ക സൃഷ്ടിച്ച് പുതിയ കോവിഡ് വകഭേദം
രോഗ മുക്തരായവരിലേക്കും പടരാൻ സാധ്യതയെന്ന് ലോകാരോഗ്യ സംഘടന

ജനീവ: ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദം അതീവ ഗൗരവമേറിയതെന്ന് ലോകാരോഗ്യസംഘടന. ഒമിക്രോൺ എന്ന് നാമകരണം ചെയ്ത പുതിയ വകഭേദത്തിന് അതിവേഗ ഘടനാമാറ്റവും തീവ്ര വ്യാപന ശേഷിയുമുണ്ട്. ഒമിക്രോണിനെ ഏറ്റവും ആശങ്കപ്പെടുത്തുന്ന വക ഭേദം എന്നാണ് ലോകാരോഗ്യ സംഘടന വിശേഷിപ്പിക്കുന്നത്.
പുതിയ വൈറസിനെക്കുറിച്ച് ചർച്ചചെയ്യാൻ ചേർന്ന ലോകാരോഗ്യസംഘടനയുടെ യോഗത്തിലാണ് ഗുരുതരമായ കണ്ടെത്തലുകൾ നടന്നിരിക്കുന്നത് യഥാർത്ഥ കൊറോണ വൈറസിൽ നിന്ന് വളരെയേറെ മാറ്റം സംഭവിച്ച ഒമിക്രോൺ രോഗമുക്തരായവരിലേക്ക് വീണ്ടും പകരാനുള്ള സാധ്യതയും കൂടുതലാണ്.
ആഫ്രിക്കൻ രാജ്യങ്ങൾക്കും ഹോങ്കോങ്ങിനും പിന്നാലെ യൂറോപ്പിലും കഴിഞ്ഞ ദിവസം ഒമിക്രോണിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. യൂറോപ്പിലെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തത് ബെൽജിയത്തിലാണ്. ഈജിപ്റ്റിൽ നിന്ന് വന്ന യാത്രക്കാരിയിയിലാണ് രോഗബാധ കണ്ടെത്തിയത്. ഇതേതുടർന്ന് അമേരിക്ക, യുകെ, ജപ്പാൻ, സിംഗപ്പൂർ, യുഎഇ, ബ്രസീൽ തുടങ്ങിയ രാഷ്ട്രങ്ങൾ ഏഴ് ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണം പ്രഖ്യാപിച്ചു. B11529 എന്ന പുതിയ വൈറസ് അന്താരാഷ്ട്രതലത്തിൽ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണെന്ന് ലോകാരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു. എല്ലാ രാജ്യങ്ങളും വാക്‌സിനേഷൻ വേഗത്തിലാക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ട്വിറ്ററിൽ കുറിച്ചു.