ഗ്രാമീണ മേഖലയിലെ തൊഴിൽ വേതനത്തിൽ കേരളം ഒന്നാമത്
വികസിത സംസ്ഥാനങ്ങളെ പിന്തള്ളിയാണ് കേരളത്തിൻ്റെ നേട്ടം

ഡൽഹി: രാജ്യത്ത് ഗ്രാമീണ മേഖലയിലെ തൊഴില്‍ വേതനത്തില്‍ കേരളം ഒന്നാമത്. കാർഷിക നിർമാണ മേഖലകളിലെ വേതനങ്ങളിലും കേരളം ആദ്യസ്ഥാനത്താണ്. മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങി രാജ്യത്തെ മറ്റു വികസിത സംസ്ഥാനങ്ങളില്‍ ലഭിക്കുന്ന വേതനത്തിന്റെ രണ്ടിരട്ടിക്കടുത്താണ് കേരളത്തിലെ ഗ്രാമീണ മേഖലയിലെ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന കൂലി. റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കുകളിലാണ് ഇത് വ്യക്തമായത്.
കേരളത്തില്‍ ലഭിക്കുന്ന വേതനം ദേശീയ ശരാശരിയുടെ ഇരട്ടിക്ക് മുകളിലാണെന്നുമാണ് കണക്കുകൾ. കേരളത്തിലെ ഒരു ഗ്രാമീണ തൊഴിലാളിക്ക് 2020-21 വര്‍ഷത്തില്‍ പ്രതിദിനം ശരാശരി 677.6 രൂപ വേതനം ലഭിക്കുന്നതായി റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു. 315.3 രൂപയാണ് ദേശീയ തലത്തിലെ കണക്കുകൾ.
രാജ്യത്തെ ഏറ്റവും വലിയ വ്യാവസായിക സംസ്ഥാനമായും മുന്‍നിര കാര്‍ഷികോല്‍പാദക സംസ്ഥാനമായും കണക്കാക്കപ്പെടുന്ന മഹാരാഷ്ട്രയില്‍ ഒരു ഗ്രാമീണ തൊഴിലാളിക്ക് ലഭിക്കുന്നത് വെറും 262.3 രൂപയാണ്. ഗുജറാത്തില്‍ 239.6 രൂപയാണ് പ്രതിദിനം ഒരു തൊഴിലാളിക്ക് കിട്ടുന്ന കൂലി. ഉത്തര്‍പ്രദേശില്‍ 286.8 രൂപയും ബിഹാറില്‍ ശരാശരി 289.3 രൂപയും പ്രതിദിനം ലഭിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കേരളത്തിന് തൊട്ടുപിറകിലുള്ളത് ജമ്മുകശ്മീരും തമിഴ്‌നാടുമാണ്. ജമ്മുകശ്മീരില്‍ 483 രൂപയും തമിഴ്‌നാട്ടില്‍ 449.5 രൂപയുമാണ് ഗ്രാമീണ തൊഴിലാളികള്‍ക്ക് ശരാശരി പ്രതിദിന വരുമാനം.