ഡൽഹി വായുമലിനീകരണം; സർക്കാരിന് സുപ്രീം കോടതിയുടെ അന്ത്യ ശാസനം
മലിനീകരണം കുറയ്ക്കാനായി നിയമിച്ച കമ്മീഷൻ ഖജനാവിന് നഷ്ടമെന്നും കോടതി

ഡൽഹി: വായു മലിനീകരണത്തിൽ സർക്കാരിന് സുപ്രീം കോടതിയുടെ അന്ത്യ ശാസനം. ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ പരിഹാര നിർദ്ദേശങ്ങൾ സമർപ്പിക്കാൻ കേന്ദ്രസർക്കാറിന് കോടതി നിർദേശം നൽകി. ഡൽഹി സർക്കാരിനെത്തിരെയും സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു. കോടതിയിൽ ഉറപ്പ് നൽകുന്നതല്ലാതെ പ്രവർത്തിക്കുന്നില്ലെന്ന് ചിഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിമർശിച്ചു.
മുതിർന്നവർക്ക് വീട്ടിൽ ഇരുന്ന് ജോലി ചെയ്യാൻ സൗകര്യം ഒരുക്കുന്ന സർക്കാർ സ്‌കൂളിലേക്ക് കുട്ടികളെ അയക്കുന്നതി നടപടിയിൽ കോടതി അതൃപ്തി പ്രകടിപ്പിച്ചു. വായു മലിനീകരണം കുറയ്ക്കാൻ നിയോഗിച്ച 30 അംഗ കമ്മീഷൻ കൊണ്ട് സർക്കാർ ഖജനാവിന് നഷ്ടമെന്നല്ലാതെ മറ്റ് കാര്യങ്ങൾ ഒന്നുമില്ലെന്നും ചിഫ് ജസ്റ്റിസ് പറഞ്ഞു.
വിദ്യാർത്ഥിയായ ആദിത്യ ദുബേ സമർപ്പിച്ച പൊതുതാൽപര്യഹർജി പരിഗണിച്ചു കൊണ്ടാണ് വായു മലിനീകരണം തടയുന്നതിൽ ഡൽഹി സർക്കാർ കാണിക്കുന്ന അലംഭാവത്തെ കോടതി രൂക്ഷമായി വിമർശിച്ചത്.
നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ അസാധാരണ നടപടികൾ വേണ്ടിവരുമെന്ന് ചീഫ് ജസ്റ്റിസ് ഓർമ്മിപ്പിച്ചു. പരിഹാര നിർദേശങ്ങളുമായി നാളെ എത്തണമെന്ന് കോടതി നിർദേശിച്ചു. നാളെ രാവിലെ പത്തിന് വിഷയം വീണ്ടും പരിഗണിക്കും.