നഗരമധ്യത്തിൽ ആക്രമിക്കാൻ ശ്രമിച്ച യുവാവിനെ കീഴ്പ്പെടുത്തിയ പെൺകുട്ടിയെ അഭിനന്ദിച്ച് മന്ത്രി വി. ശിവൻകുട്ടി
ലക്ഷ്മിയുടെ സമയോചിതമായ ഇടപെടലാണ് പെൺകുട്ടികളെ ആക്രമിച്ച യുവാവിനെ പിടികൂടാൻ കാരണമായത്
കോഴിക്കോട്: നഗരമധ്യത്തിൽ പെൺകുട്ടികളെ ആക്രമിക്കാൻ ശ്രമിച്ച യുവാവിനെ കീഴ്പ്പെടുത്തിയ പെൺകുട്ടിയെ മന്ത്രി വി. ശിവൻ കുട്ടി അഭിനന്ദിച്ചു. റഹ്മാനിയ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയായ ലക്ഷ്മി സജിത്ത് പെൺകരുത്തിന്റെ മികച്ച മാതൃകയാണെന്ന് മന്ത്രി പറഞ്ഞു.
മന്ത്രി വി. ശിവൻകുട്ടി ലക്ഷ്മിയെ വീഡിയോ കോളിൽ വിളിച്ചു അഭിനന്ദിച്ചു. മന്ത്രി ലക്ഷ്മിയെ അഭിനന്ദിക്കുന്നതിന് ക്ലാസ് റൂമും കുട്ടികളും സാക്ഷിയായി.
ഉപദ്രവം ലക്ഷ്യമിട്ടു വന്ന അക്രമിയെ കീഴ്പ്പെടുത്താൻ ലക്ഷ്മിയെ സഹായിച്ചത് മാർഷ്യൽ ആർട്സ് പരിശീലനം കൂടി ആണെന്ന് മനസ്സിലാക്കിയതായും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഇത്തരം സന്ദർഭങ്ങളിൽ പകച്ചു നിൽക്കുകയല്ല, മറിച്ച് ധീരമായി പ്രതിരോധിക്കുകയാണ് വേണ്ടത് എന്ന് ലക്ഷ്മി ഓർമ്മപ്പെടുത്തുന്നതായും മന്ത്രി അഭിപ്രായപ്പെട്ടു.
കോഴിക്കോട് നഗരത്തിൽ കഴിഞ്ഞ ദിവസമാണ് ലക്ഷ്മിക്ക് നേരെ ആക്രമണമുണ്ടായത്. പെൺകുട്ടിയുടെ സമയോചിതമായ ഇടപെടൽ കൊണ്ട് ആക്രമിക്കാൻ ശ്രമിച്ച യുവാവിനെ പിടിക്കാൻ സാധിച്ചു. ഇയാളെ പിങ്ക് പോലീസിന് കൈമാറി. പൊക്സോ അടക്കമുള്ള വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയത്.
ലക്ഷ്മിയുമായും പ്രിൻസിപ്പൽ ബഷീറുമായും സംസാരിച്ചതായും മന്ത്രി വ്യക്തമാക്കി. കോഴിക്കോട് എത്തുമ്പോൾ റഹ്മാനിയ സ്കൂളിലെത്തി ലക്ഷ്മിയെ നേരിട്ട് കാണാമെന്നും മന്ത്രി അറിയിച്ചു. മറ്റേതൊരു കായികയിനവുമെന്നതുപോലെ പെൺകുട്ടികൾ മാർഷ്യൽ ആർട്സും പഠിക്കുന്നത് നന്നാകുമെന്നും ആരോഗ്യ സംരക്ഷണത്തോടൊപ്പം സ്വയം പ്രതിരോധവും മാർഷ്യൽ ആർട്സിലൂടെ കൈവരിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

