കനത്ത മഴ; മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ഷട്ടറുകൾ തുറന്നു
ഷട്ടറുകൾ തുറന്നത് മുന്നറിയിപ്പില്ലാതെ

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിൻ്റെ ഷട്ടറുകൾ തുറന്നു. ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തിലാണ് അണക്കെട്ടിലെ പത്ത് ഷട്ടറുകള്‍ തുറന്നത്. ഷട്ടറുകൾ 60 സെൻ്റിമീറ്റർ വീതമാണ് ഉയർത്തിയത്. സെക്കന്റില്‍ 8000 ഘനയടി വെള്ളമാണ് ഇപ്പോള്‍ മുല്ലപ്പെരിയാറില്‍ നിന്നും പുറത്തേക്കൊഴുകുന്നത്.
നിലവില്‍ തുറന്നിരിക്കുന്ന എട്ട് ഷട്ടറുകള്‍ക്കൊപ്പം ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ രണ്ട് ഷട്ടറുകള്‍ കൂടി തുറക്കുകയായിരുന്നു. മുന്നറിയിപ്പൊന്നുമില്ലതെയാണ് തമിഴ്‌നാട് ഷട്ടറുകള്‍ തുറന്നത്. പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകി.
ഡാം തുറന്നതോടെ വള്ളക്കടവിലെ നിരവധി വീടുകളിലാണ് വെള്ളം കയറിയത്. മുന്നറിയിപ്പില്ലാതെ അര്‍ദ്ധരാത്രിയില്‍ പ്രദേശ വാസികൾ ആശങ്കയിലാണ്. ഒരു മാസത്തിനിടെ നാലാം തവണയാണ് മുന്നറിയിപ്പില്ലാതെ ഷട്ടറുകൾ തുറക്കുന്നത്. രണ്ട് ദിവസം മുമ്പും സമാനമായ രീതിയില്‍ ഷട്ടറുകള്‍ തുറന്നിരുന്നു.
ഇന്നലെ രാവിലെയോടെ അണക്കെട്ടിലെ ഷട്ടറുകള്‍ പൂര്‍ണമായും അടച്ചിരുന്നു. എന്നാല്‍ ഇന്നലെ വൈകീട്ട് വീണ്ടും മഴ ശക്തിപ്പെടുകയും നീരൊഴുക്ക് കൂടുകയും ചെയ്ത സാഹചര്യത്തിലാണ് ഇപ്പോള്‍ അണക്കെട്ടില്‍ നിന്ന് വെള്ളം പുറത്തേക്കൊഴുക്കുന്നത്.