മന്ത്രവാദ ചികിത്സ; യുവതിക്ക് ദാരുണാന്ത്യം
കല്ലാച്ചി സ്വദേശിയായ യുവതിയാണ് മരിച്ചത്

നാദാപുരം: മന്ത്രവാദ ചികിത്സയ്ക്ക് വിധേയയായ യുവതിക്ക് ദാരുണാന്ത്യം. മന്ത്രവാദ ചികിത്സയ്ക്കായി ആലുവയിലെ കേന്ദ്രത്തിലേക്ക് കൊണ്ട് പോയ യുവതിയാണ് മരിച്ചത്. മരണത്തിൽ അസ്വാഭാവികതയുണ്ടെന്നാരോപിച്ച് ഇവരുടെ ഭർത്താവിനെതിരെ ബന്ധുക്കൾ പോലീസിൽ പരാതി നൽകി.
കല്ലാച്ചി ചട്ടീൻ്റവിട ജമാലിൻ്റെ ഭാര്യ നൂർജഹാൻ (41) ആണ് മരിച്ചത്. ദേഹത്ത് വ്രണങ്ങൾ ഉണ്ടായതിനെ തുടർന്ന് ആറു മാസങ്ങൾക്ക് മുൻപ് ഇവരെ ആലുവയിലെ മന്ത്രവാദ ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ബന്ധുക്കൾ ഇവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ഇത് ഭേദമായതോടെ ഇവരെ വീണ്ടും ആലുവയിലേക്ക് കൊണ്ട് പോവുകയായിരുന്നു. അതിനിടയിൽ ഇന്നലെ പുലർച്ചയോടെ അന്ത്യം സംഭവിക്കുകയായിരുന്നു.
മൃതദേഹം വടകര ജില്ലാ ആശുപത്രിയിലെത്തിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
കുനിങ്ങാട് പൊയിൽ പീടികയിൽ മൂസയുടെയും കുഞ്ഞയിശയുടെയും മകളാണ് നൂർജഹാൻ. മക്കൾ: ബഷീർ, ജലീന, മാഹിറ, സാദിഖ്, ഹിദായത്തുള്ള. മരുമകൻ റിഷാദ്. ഷാജഹാൻ, ജുമൈരിയ, ഫർസാന, ജംഷീറ എന്നിവരാണ് സഹോദരങ്ങൾ.