ജനറൽ ബിപിൻ റാവത്തിൻ്റെ മൃതദേഹവുമായുള്ള വിലാപ യാത്രയ്ക്കിടെ പൊലീസ് വാഹനം അപകടത്തിൽ പെട്ടു
അപകടത്തിൽ പത്തു പേർക്ക് പരിക്ക്

കൂനൂർ: കൂനൂരിൽ ഇന്നലെയുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ വീര ചരമം പ്രാപിച്ച സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന്റെ വിലാപയാത്രയിലെ പൊലിസ് വാഹനം അപകടത്തിൽപ്പെട്ടു. പൊലീസ് വാഹനം ആംബുലൻസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു. ഇതിൽ ചിലർക്ക് സാരമായ പരിക്കുണ്ട്.
വെല്ലിങ്ടണിലെ സൈനിക ആശുപത്രിയിൽ നിന്ന് വിലാപയാത്രയായി സുലൂരിലെ സൈനിക കേന്ദ്രത്തിലേക്ക് റാവത്തിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപ യാത്രയിലാണ് അപകടമുണ്ടായത്.
ജനറൽ ബിപിൻ റാവത്തിൻ്റെ മൃതദേഹം ഇന്ന് വൈകീട്ടോടെ ഡൽഹിയിലെത്തിക്കും. വെള്ളിയാഴ്ച ഡൽഹി ബ്രാർ സ്‌ക്വയറിൽ സംസ്കാര ചടങ്ങുകൾ നടക്കും. വെള്ളിയാഴ്ച 11 മുതൽ രണ്ടു മണിവരെ ഔദ്യോഗിക വസതിയിൽ പൊതുദർശനത്തിന് വെക്കും. ജനറൽ ബിപിൻ റാവത്തിന്റെ മരണത്തിൽ ഉത്തരാഖണ്ഡ് സർക്കാർ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തിൽ രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺസിങ്ങിനെ വിദഗ്ധ ചികിത്സക്കായി ബംഗളൂരുവിലേക്ക് മാറ്റി. ശരീരത്തിൽ 85 ശതമാനത്തോളം പൊള്ളലേറ്റ വരുൺസിങ്ങിന്റെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അപകടത്തിൽ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തും ഭാര്യയുമുൾപ്പെടെ പതിമൂന്ന് പേരാണ് വീരചരമം പ്രാപിച്ചത്.