സപ്ലൈകോ ഉത്പന്നങ്ങളുടെ ഓൺലൈൻ വിൽപനയും ഹോം ഡെലിവറിയും ജനുവരി ഒന്നു മുതൽ
മാർച്ചോടെ സംസ്ഥാനത്തെ എല്ലാ സപ്ലൈകോകളിലും പ്രാവർത്തികമാക്കുമെന്ന് മന്ത്രി ജി. ആർ. അനിൽ

തിരുവനന്തപുരം: സപ്ലൈക്കോ ഉത്പന്നങ്ങളുടെ ഓൺലൈൻ വിൽപ്പനയും ഹോം ഡെലിവറിയും ആരംഭിക്കും. പദ്ധതിക്ക് ഈ മാസം 11ന് തൃശൂരിൽ ഔദ്യോഗികമായി തുടക്കം കുറിക്കും.
സംസ്ഥാനത്തെ 500ലധികം സപ്ളൈകോ സൂപ്പർമാർക്കറ്റുകളിലൂടെ ഓൺലൈൻ വിൽപ്പനയും ഹോം ഡെലിവറിയും യാഥാർത്ഥ്യമാക്കുകയെന്നതാണ് സർക്കാർ ലക്ഷ്യം.തൃശൂരിലെ മൂന്ന് സപ്ളൈകോ വിൽപ്പനശാലകളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ സപ്ലൈകോ ഹോം ഡെലിവറി ആദ്യമായി ആരംഭിക്കുന്നത്.
2022 ജനുവരി ഒന്നു മുതൽ രണ്ടാം ഘട്ടമായി സംസ്ഥാനത്തെ നഗരസഭാ അതിർത്തിക്കുള്ളിൽ പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റുകളിലും മൂന്നാം ഘട്ടമായി ഫെബ്രുവരി ഒന്നിന് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലെ സൂപ്പർമാർക്കറ്റുകളിലും പദ്ധതി പ്രാവർത്തികമാക്കാനാണ് തീരുമാനം. മാർച്ചോടെ നാലാം ഘട്ടത്തിൽ സംസ്ഥാനത്തെ എല്ലാ സൂപ്പർമാർക്കറ്റുകളിലും പദ്ധതി പ്രാവർത്തികമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ പറഞ്ഞു.
ഓൺലൈൻ വിപണനം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി നിരവധി ആനുകൂല്യങ്ങളും നൽകാനും സപ്ലൈകോ തീരുമാനിച്ചിട്ടുണ്ട്. ഓൺലൈൻ വിൽപ്പനയുടെ ആരംഭം മുതൽ ഈ സാമ്പത്തിക വർഷം അവസാനം വരെ ഓൺലൈൻ വഴി ഉൽപന്നങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ബില്ലിൽ അഞ്ച് ശതമാനം ഇളവ് നൽകാനും തീരുമാനമായി. കൂടാതെ 1000, 2000, 5000 രൂപയ്ക്ക് മുകളിൽ ഉൽപന്നങ്ങൾ വാങ്ങുന്നവർക്ക് പ്രത്യേക സൗജന്യവും ഉണ്ടായിരിക്കും.