എ.ടി.എം കാർഡ് ഉപയോഗിച്ച് പണം തട്ടിയെടുത്ത പോലീസുകാരനെ സർവ്വീസിൽ നിന്നും പിരിച്ച് വിട്ടു
മോഷ്ടാവിന്റെ സഹോദരിയുടെ എ.ടി.എം കാർഡ് കൈക്കലാക്കിയാണ് പണം തട്ടിയത്.

കണ്ണൂർ: കണ്ണൂരിൽ മോഷ്ടാവിന്റെ സഹോദരിയുടെ എ.ടി.എം കാർഡ് കൈക്കലാക്കി പണം തട്ടിയ പോലീസുകാരനെ ജോലിയിൽ നിന്നും പിരിച്ച് വിട്ടു. 2021 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തളിപറമ്പിലെ സീനിയർ സിവിൽ പോലീസ് ഓഫീസറായ ഇ.എൻ. ശ്രീകാന്തിനെയാണ് സർവീസിൽ നിന്നും പിരിച്ച് വിട്ടത്.
തളിപറമ്പ് പൂളപ്പറമ്പ് സ്വദേശി രാജേശ്വരിയുടെ എ.ടി.എം കാർഡ് ഉപയോഗിച്ച് പോലീസുദ്യോഗസ്ഥൻ അരലക്ഷം രൂപയാണ് തട്ടിയെടുത്തത്. ശ്രീകാന്തിനെ അന്വേഷണ വിധേയമായി നേരത്തെ സസ്പെന്റ് ചെയ്തിരുന്നു.
ഇതേ മാതൃകയിൽ ചൊക്ലി സ്വദേശിയുടെ എ.ടി.എം കാർഡ് തട്ടിയെടുത്ത് എഴുപതിനായിരം രൂപ മോഷ്ടിച്ച ഗോകുൽ എന്നയാളെ മാർച്ചിൽ തളി പറമ്പ് പോലീസ് പിടികൂടിയിരുന്നു. ഈ കേസിന്റെ അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് ഇപ്പോൾ പിരിച്ച് വിടപ്പെട്ട ശ്രീകാന്ത്. അന്വേഷണ സമയത്ത് ഗോകുലിന്റെ സഹോദരി യിൽ നിന്നും എ.ടി.എം കാർഡ് കൈക്കലാക്കിയാണ് പോലീസുകാരൻ പണം കവർന്നത്.