കുതിച്ചുയരുന്ന പച്ചക്കറി വില പിടിച്ചു നിർത്താൻ ഹോർട്ടി കോർപ്പ്
പച്ചക്കറികൾ ആവശ്യക്കാരിലെത്തുന്നത് 25 ശതമാനം വരെ വിലക്കുറവിൽ
കോഴിക്കോട്: കുതിച്ചുയരുന്ന പച്ചക്കറി വില പിടിച്ചു നിർത്താൻ നടപടികളുമായി ഹോർട്ടി കോർപ്പ്. കൂടുതൽ പച്ചക്കറികൾ വിപണിയിലെത്തിച്ച് വില കുറച്ച് നൽകിയാണ് ഹോർട്ടി കോർപിൻ്റെ ഇടപെടൽ. മിക്ക ഇനങ്ങൾക്കും 25 ശതമാനം വരെ വിലക്കുറവുണ്ട്.
കഴിഞ്ഞ നവംബറിൽ 8.27 ലക്ഷം രൂപയുടെ വരുമാനമാണ് ഉണ്ടായത്. കഴിഞ്ഞ രണ്ട് മാസങ്ങൾക്കുള്ളിൽ 16 സ്റ്റാളുകളിലായി 1.5 ലക്ഷം രൂപയുടെ വിൽപനയാണ് നടന്നത്. എന്നാൽ ഈ മാസം അത് 2.5 ലക്ഷമായി ഉയർന്നു. വേങ്ങേരി, ചേവരമ്പലം, വില്യാപ്പള്ളി, കക്കോടി, പൊറ്റമ്മൽ, കൊയിലാണ്ടി, അത്തോളി, പൂക്കാട്, തോടന്നൂർ, മൊകേരി, ഓർക്കാട്ടേരി, വടകര, ആയഞ്ചേരി, തുറയൂർ, തണ്ണീർപന്തൽ എന്നിവിടങ്ങളിലാണ് ഇപ്പോൾ സ്റ്റാളുകൾ ഉള്ളത്.
കോവിഡ് കാലത്ത് ആരംഭിച്ച ഹോം ഡെലിവറി ഇപ്പോഴും തുടരുന്നുണ്ട്. സ്കൂളുകളിലേക്ക് ഉച്ചഭക്ഷണത്തിനായുള്ള പച്ചക്കറികളും ഹോർട്ടികോർപ്പിൽ നിന്നുമാണ് എത്തിക്കുന്നത്.

