ഭർത്താവിനെ കൊന്നു കുഴിച്ചുമൂടി; ഞെട്ടിച്ച് യുവതിയുടെ കുറ്റസമ്മതം
കഴിഞ്ഞ ഞായറാഴ്ച മാലിക്കിനെ കാണാതായതായി യുവതി തന്നെയാണു പൊലീസിനു പരാതി നൽകിയത്
തൃശൂർ: ഒരാഴ്ച മുൻപു കാണാതായ ഭർത്താവിനെ താൻ കൊലപ്പെടുത്തി കുഴിച്ചു മൂടിയതാണെന്നു യുവതിയുടെ വെളിപ്പെടുത്തൽ. പെരിഞ്ചേരിയിൽ സ്വർണാഭരണ നിർമാണത്തൊഴിലാളിയായ ബംഗാൾ ഹുബ്ലി ഫരീദ്പൂർ സ്വദേശി മൻസൂർ മാലിക്കിനെ (40) കാണാതായതിനെക്കുറിച്ചുള്ള അന്വേഷണമാണ് അവിശ്വസനീയ വഴിത്തിരിവിലെത്തിയത്.
വീട്ടുവഴക്കിനു പിന്നാലെ മാലിക്കിനെ ഇരുമ്പുവടി കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നും മറ്റൊരാളുടെ സഹായത്തോടെ കുഴിച്ചിട്ടെന്നും ഭാര്യ രേഷ്മ ബീവി (33) പൊലീസിനു മുന്നിൽ കുറ്റസമ്മതം നടത്തി. രേഷ്മയും സഹായി ബംഗാൾ സ്വദേശി ധീരുവും (33) കസ്റ്റഡിയിലാണ്.
കഴിഞ്ഞ ഞായറാഴ്ച മാലിക്കിനെ കാണാതായതായി രേഷ്മ തന്നെയാണു പൊലീസിനു പരാതി നൽകിയത്. ഭർത്താവ് ബംഗാളിലേക്കു മടങ്ങിപ്പോയതായി സംശയിക്കുന്നുവെന്നും ഇവർ പൊലീസിനെ അറിയിച്ചു.
എന്നാൽ, ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ മാലിക്കിന്റെ ഫോണിന്റെ സിഗ്നൽ വീട്ടുപരിസരത്തു നിന്നു തന്നെയാണെന്നു കണ്ടെത്തി. സംശയം തോന്നിയ എസ്എച്ച്ഒ ടി.വി. ഷിബു രേഷ്മയെയും സഹായിയെയും വിശദമായി ചോദ്യം ചെയ്തതോടെ യുവതി നിൽക്കക്കള്ളിയില്ലാതെ സത്യം വെളിപ്പെടുത്തുകയായിരുന്നു.

