കൗമാരക്കാർക്ക് കോവിഡ് വാക്സിൻ ജനുവരി മൂന്ന് മുതൽ- പ്രധാനമന്ത്രി
ബൂസ്റ്റർ ഡോസ് വിതരണവും ഉടൻ ആരംഭിക്കും

ഡൽഹി: കൗമാരക്കാർക്കുള്ള കോവിഡ് വാക്സിൻ വിതരണം ജനുവരി മൂന്ന് മുതൽ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആരോഗ്യ പ്രവർത്തകർ ഉൾപ്പടെയുള്ള കോവിഡ് മുൻ നിര പോരാളികൾക്കും 60 വയസിനു മുകളിൽ പ്രായം ഉള്ളവർക്കുമുള്ള ബൂസ്റ്റർ ഡോസ് വിതരണം ഉടൻ ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് പ്രഖ്യാപനം.
രാജ്യത്ത് ഒമിക്രോൺ കേസുകൾ ഉയരുന്നതിൽ ആശങ്ക വേണ്ടെന്നും ജാഗ്രത പാലിക്കണമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. 15 മുതൽ 18 വയസ് വരെ പ്രായമുള്ള കൗമാരക്കാർക്കാണ് കേന്ദ്രം വാക്സിൻ നൽകാൻ ഒരുങ്ങുന്നത്. ജനുവരി മൂന്ന് തിങ്കളാഴ്ച മുതൽ ഇത് ഇത് ആരംഭിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
ജനുവരി 10 മുതൽ ആരോഗ്യ പ്രവർത്തകർ ഉൾപ്പടെയുള്ള കൊവിഡ് മുൻ നിര പോരാളികൾ, 60 വയസിന് മുകളിൽ പ്രായമായവർ, മറ്റ് രോഗങ്ങൾ ഉളളവർ എന്നിവർക്ക് ബൂസ്റ്റർ ഡോസ് വാക്സിൻ നൽകാൻ ആരംഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് 18 ലക്ഷം ഐസൊലേഷൻ കിടക്കകൾ, 5 ലക്ഷം ഓക്സിജൻ സംവിധാനത്തോട് കൂടിയ കിടക്കകൾ, കുട്ടികൾക്കായി 90000 കിടക്കകൾ തുടങ്ങിയ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തെ 90% ആളുകൾ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു. അർഹരായ 61% ആളുകൾക്കും രണ്ട് ഡോസ് വാക്സിൻ ലഭിച്ചുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.