headerlogo
recents

'നാടിന്റെ നന്മയ്ക്കായ് തോളോട് തോള്‍ ചേര്‍ന്നു നില്‍ക്കാം’; പുതുവത്സരമാശംസിച്ച് മുഖ്യമന്ത്രി

അപ്രതീക്ഷിത പ്രകൃതി ക്ഷോഭവും കോവിഡുമുൾപ്പെടെ ഓരോ വെല്ലുവിളിയും നമ്മെ കൂടുതൽ കരുത്തരാക്കുന്നുവെന്നും മുഖ്യമന്ത്രി

 'നാടിന്റെ നന്മയ്ക്കായ് തോളോട് തോള്‍ ചേര്‍ന്നു നില്‍ക്കാം’; പുതുവത്സരമാശംസിച്ച് മുഖ്യമന്ത്രി
avatar image

NDR news

01 Jan 2022 01:29 PM

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഏവർക്കും പുതുവത്സരാശംസകൾ നേർന്നു. പുത്തന്‍ പ്രതീക്ഷകളുടെയും പ്രത്യാശയുടെയും പ്രകാശ കിരണങ്ങളുമായി പുതുവര്‍ഷം പിറക്കുകയാണ്. അസാധാരണമായ പ്രതിസന്ധികൾ നേരിടേണ്ടി വന്ന വർഷമാണ് കടന്നു പോയതെന്നും ഒത്തൊരുമിച്ചു ചെറുത്തു നിന്നിട്ടും കോവിഡ് രണ്ടാം തരംഗം ലോകമെമ്പാടും തീർത്ത ദുരന്തത്തിൻ്റെ അലയൊലികൾ നമ്മുടെ നാടിനെയും ബാധിച്ചുവെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. 

      അപ്രതീക്ഷിത പ്രകൃതി ക്ഷോഭവും കോവിഡുമുൾപ്പെടെ

ഓരോ വെല്ലുവിളിയും നമ്മെ കൂടുതൽ കരുത്തരാക്കുന്നുവെന്നും കഴിഞ്ഞ അഞ്ചു വർഷത്തെ അനുഭവങ്ങൾ അത് തെളിയിക്കുന്നുവെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

       'പ്രതിബന്ധങ്ങൾ മറികടക്കാൻ ഐക്യത്തോടെയും ആർജ്ജവത്തോടെയും മുന്നോട്ടു പോകാൻ നമുക്കു സാധിച്ചു. വികസന-സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കാൻ കഴിഞ്ഞു. അനുഭവത്തിലൂടെ അത് തിരിച്ചറിഞ്ഞുകൊണ്ടാണ്, ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ തുടർച്ചയ്ക്കായി ജനങ്ങൾ ഉജ്ജ്വലമായ വിധിയെഴുതിയത്'- മുഖ്യമന്ത്രി പറഞ്ഞു.

       കൂടുതൽ ഉത്തരവാദിത്ത ബോധത്തോടെ, പുതിയ വെല്ലുവിളികൾ ഏറ്റെടുക്കുകയാണ്. സാമ്പത്തിക മേഖലയുടെ പുനരുജ്ജീവനത്തിനായി നിരവധി പദ്ധതികൾ ആവിഷ്കരിച്ചു. വിദ്യാഭ്യാസവും ആരോഗ്യവും ഉൾപ്പെടെ പ്രധാന മേഖലകളിലെല്ലാം കൂടുതൽ മികവിലേയ്ക്ക് ഉയരുകയും ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 

       സുസ്ഥിര വികസനത്തിൻ്റേത് ഉൾപ്പെടെ നിരവധി ദേശിയ സൂചികകളിൽ മികച്ച സ്ഥാനം നേടാനും കഴിഞ്ഞു. അഭിമാനാർഹമായ ഈ നേട്ടങ്ങൾക്ക് കാരണം സർക്കാരും ജനങ്ങളും ഒരേ മനസ്സോടെ ഒരുമിച്ച് നിന്നതാണെന്നും നാടിൻ്റെ നന്മയ്ക്കായി ഒരുമിച്ച് പ്രവർത്തിക്കാനുള്ള ഈ സന്നദ്ധത കൂടുതൽ കരുത്തോടെ പുതുവർഷത്തിലും മുന്നോട്ടുകൊണ്ടു പോകുമെന്നും മന്ത്രി പറഞ്ഞു.

NDR news
01 Jan 2022 01:29 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.