കോഴിക്കോട്ട് അഞ്ചാം ക്ലാസ് വിദ്യാർത്ഥി കടലിൽ മുങ്ങി മരിച്ചു
ലയൺസ് പാർക്കിനു സമീപം കടലിലാണ് അപകടം
കോഴിക്കോട്: അഞ്ചാം ക്ലാസുകാരൻ കടലിൽ മുങ്ങി മരിച്ചു. വട്ടക്കിണർ വൈ. എം. ആർ. സി ചേമ്പിൽതാഴം പറമ്പിൽ ഷംനാസിൻ്റെ മകൻ ഷിഹാദ് (11) ആണ് മരിച്ചത്.
വെള്ളിയാഴ്ച ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു സംഭവം. ലയൺസ് പാർക്കിന് സമീപം ഉമ്മ ഷാഹിന ജോലി ചെയ്യുന്ന കടയിലായിരുന്നു ഷിഹാദ്. ഉമ്മ പുറത്തുപോയ സമയത്ത് കുട്ടി കടലിലേക്ക് പോവുകയായിരുന്നു.
കുട്ടി മുങ്ങുന്നത് ശ്രദ്ധയിൽ പെട്ട മത്സ്യ തൊഴിലാളികളാണ് കുട്ടിയെ പുറത്തെടുത്തത്. ഉടൻ തന്നെ ഗവ. ബീച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കല്ലായി ജി.യു.പി. സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് ഷിഹാദ്. സഹോദരി ഷിഫ.

