റേഷൻ പൊതു വിഭാഗത്തിന് 10 കിലോ അരി നല്‍കും: മന്ത്രി ജി. അനിൽ
പച്ചരിയും പുഴുക്കലരിയും തുല്യ അനുപാതത്തിൽ ലഭ്യമാക്കുന്നതോടെ കമ്പോളത്തിലെ അരി വില നിയന്ത്രിക്കാൻ കഴിയും

തിരുവനന്തപുരം: വെള്ള റേഷൻ കാർഡിൽ പെടുന്ന പൊതുവിഭാഗത്തിന് 10 കിലോ അരി വീതം വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്. അനില്‍ അറിയിച്ചു. റേഷന്‍കടകള്‍ വഴിയുള്ള പച്ചരിവിഹിതം 50 ശതമാനമായി ഉയര്‍ത്തി. പൊതു ജനങ്ങള്‍ക്ക് താൽപര്യമുള്ള ആന്ധ്ര അരി എല്ലാ വിഭാഗത്തിനും ലഭ്യമാക്കും. അരി വില പിടിച്ചുനിര്‍ത്താൻ ഭക്ഷ്യ പൊതുവിതരണ വകുപ്പ് നടപ്പാക്കുന്ന പദ്ധതിയെ കുറിച്ച് വാർത്ത സമ്മേളനത്തിൽ വിശദീകരിക്കുകയായിരുന്നു മന്ത്രി.
പച്ചരിയും പുഴുക്കലരിയും തുല്യ അനുപാതത്തിൽ ലഭ്യമാക്കുന്നതോടെ കമ്പോളത്തിലെ അരി വില നിയന്ത്രിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. പ്രഭാത ഭക്ഷണത്തിന് ഭൂരിപക്ഷം പേരും പച്ചരിയാണ് ഉപയോഗിക്കുന്നതെന്നതിനാൽ തീരുമാനം കുടുംബങ്ങൾക്ക് ആശ്വാസമാകും.
ഈ മാസം മുതൽ പച്ചരിയും പുഴുക്കലരിയും 50:50 അനുപാതത്തിൽ ലഭ്യമാക്കാൻ ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുമായുള്ള ചർച്ചയിൽ തീരുമാനമായി. എഫ്.സി.ഐയിൽനിന്ന് ലോഡ് എടുക്കുന്നതിന് മുമ്പ് തന്നെ കൂടുതൽ പരിശോധനയും കൃത്യതയും ഉറപ്പാക്കാനുള്ള നടപടിക്രമങ്ങൾ ധാരണപത്രത്തിലുണ്ടെന്നും മന്ത്രി പറഞ്ഞു. പൊതുവിഭാഗത്തിന് ഈ മാസത്തെ 10 കിലോ അരിയിൽ ഏഴുകിലോ 10.9 രൂപ നിരക്കിലും മൂന്നു കിലോ 15 രൂപയ്ക്കുമാകും നൽകുക. നീല കാർഡ് ഉടമകൾക്ക് ഈ മാസം മൂന്നുകിലോ അരി 15 രൂപ നിരക്കിൽ അധികമായി നൽകുന്നുണ്ട്. എല്ലാ അനാഥാലയങ്ങളിലെയും അന്തേവാസികൾക്ക് അഞ്ചുകിലോ അരി ലഭ്യമാക്കും. ഇതിൽ രണ്ടുകിലോ 10.9 രൂപ നിരക്കിലും മൂന്നുകിലോ 15 രൂപയ്ക്കുമാകും നൽകുക. പൊതുവിപണിയിൽ 30 രൂപയ്ക്ക് മുകളിൽ വിലയുള്ള അരിയാണ് വിതരണം ചെയ്യുകയെന്നും ഭക്ഷ്യ മന്ത്രി പറഞ്ഞു.