റോഡ് പണിയില്‍ അപാകതയുണ്ടെങ്കിൽ പരിശോധിക്കും മന്ത്രി മുഹമ്മദ് റിയാസ്
നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ തെറ്റായ നടപടികള്‍ ഏത് ഭാഗത്ത് നിന്നുണ്ടായാലും വച്ചു പൊറുപ്പിക്കില്ല

കോഴിക്കോട്: മായനാട് ഒഴുക്കരയിൽ റോഡ് അറ്റകുറ്റപ്പണിക്കെതിരെ ഉയർന്ന ആരോപണത്തിന്റെ സത്യാവസ്ഥയറിയാൻ പൊതു മരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് സ്ഥലത്തെത്തി. കാരന്തൂർ മുതൽ മെഡിക്കൽ കോളേജ് വരെ നാലു കിലോമീറ്റർ റോഡില്‍ നടക്കുന്ന അറ്റകുറ്റപ്പണിയിലായിരുന്നു ആരോപണം ഉയര്‍ന്നത്.
ഒഴുക്കരയിൽ ഞായറാഴ്ച രാവിലെ 17 മീറ്റർ നീളത്തിൽ ടാർചെയ്തത് നാട്ടുകാർ ഇടപെട്ടതിനെത്തുടർന്ന് നീക്കം ചെയ്‌തിരുന്നു. ഒരു തകരാറും സംഭവിക്കാത്ത ഭാഗത്തും ടാർ ചെയ്തതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. പ്രവൃത്തിയിൽ അപാകമുണ്ടോ എന്ന് പരിശോധിക്കുമെന്നും സമാനരീതി മറ്റെവിടെയെങ്കിലും നടന്നിട്ടുണ്ടോ എന്നും പരിശോധിച്ച് റിപ്പോർട്ട് നൽകാൻ എക്സിക്യൂട്ടീവ് എൻജിനിയർക്ക് നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു.
മഴക്കാലത്ത് പെട്ടിപ്പൊളിഞ്ഞ റോഡുകൾ പൂർവ സ്ഥിതിയിലാക്കാൻ സംസ്ഥാനത്തൊന്നാകെ ഉദ്യോഗസ്ഥർ ആത്മാർഥമായി പരിശ്രമിക്കുന്നുണ്ട്. കാലാവധി കഴിഞ്ഞ റോഡായതിനാലാണ് ഇത്തരത്തിൽ പ്രവൃത്തി നടത്തിയതെന്നാണ് പൊതുമരാമത്ത് അധികൃതർ നൽകിയ വിശദീകരണം. പൊതു നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ തെറ്റായ നടപടികള്‍ ഏത് ഭാഗത്ത് നിന്നുണ്ടായാലും വച്ചു പൊറുപ്പിക്കില്ലെന്ന് മന്ത്രി പറഞ്ഞു.