രാഷ്ട്രീയ പോസ്റ്റുകൾക്ക് ഇനി ഫേസ്ബുക്കിൽ റീച്ച് കുറയും
പുതുവർഷത്തിലാണ് പുതിയ മാറ്റവുമായി ഫേസ്ബുക്ക് എത്തുന്നത്

സിലിക്കൺ വാലി: പുതുവർഷത്തിൽ രാഷ്ട്രീയ പോസ്റ്റുകളുടെ റീച്ച് കുറയ്ക്കാൻ ഫേസ്ബുക്ക് തീരുമാനം. വിശദമായ പഠനത്തിനു ശേഷമാണ് ഇത്തരത്തിലൊരു തീരുമാനം കൈകൊണ്ടിരിക്കുന്നത്. 2021 ഫെബ്രുവരി മുതൽ ഓഗസ്റ്റ് വരെ ഉപഭോക്താക്കളുടെ ഇടയിൽ ഫേസ്ബുക്ക് നടത്തിയ സർവ്വേകളും യൂസർ ഫീഡ്ബാക്കും കണക്കിലെടുത്താണ് പുതിയ അൽഗോരിതം നടപ്പാക്കുന്നത്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലെ യഥാർത്ഥ ഉദ്ദേശം ആളുകളെ തമ്മിൽ കൂടുതൽ അടുപ്പിക്കുകയും, പുതിയ ബന്ധങ്ങൾ സൃഷ്ടിക്കുകയുമാണ്. എന്നാൽ, രാഷ്ട്രീയ പോസ്റ്റുകൾ ഇതിനു വിപരീതമായി പ്രവർത്തിക്കുന്നുവെന്നാണ് ഫേസ്ബുക്കിന്റെ കണ്ടെത്തൽ. രാഷ്ട്രീയ അതിപ്രസരവും അതിൽ നിന്നും ഉരുത്തിരിയുന്ന വിഭാഗീയതയും വേർതിരിവുകളും മനുഷ്യരെ തമ്മിൽ അകറ്റുന്നു. ഇതിനാൽ, സാമൂഹ്യ മാധ്യമമെന്ന നിലയിലുള്ള ഫേസ്ബുക്കിന്റെ പ്രാഥമിക ധർമ്മം തന്നെ നിറവേറാതെ പോകുന്നു. അതിനാലാണ് പുതിയ മാറ്റം.
ഇനിമുതൽ പൊളിറ്റിക്കൽ കണ്ടെന്റുകൾ പോസ്റ്റ് ചെയ്താലും അത് അധികം ആളുകളുടെ മുന്നിലെത്തില്ല. ആനന്ദങ്ങൾ, അനുഭവങ്ങൾ, യാത്രകൾ, കുറിപ്പുകൾ തുടങ്ങിയ വ്യക്തിപരമായ പോസ്റ്റുകൾക്കായിരിക്കും ഫേസ്ബുക്കിൽ ഇനി കൂടുതൽ പ്രാധാന്യം ലഭിക്കുക. പൊളിറ്റിക്കൽ കണ്ടന്റ് പരിമിതമാക്കുന്ന പുതിയ അൽഗോരിതം, സ്പെയിൻ, സ്വീഡൻ, അയർലൻഡ്, കോസ്റ്റാറിക്ക എന്നിവിടങ്ങളിൽ വിജയകരമായി നടപ്പിലാക്കിയിരുന്നു. ജനുവരി മുതൽ ഇത് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ഫേസ്ബുക്കിന്റെ നീക്കം.