സപ്ലൈ കേരള പദ്ധതിയ്ക്ക് കോഴിക്കോട്ട് തുടക്കമായി
ഓരോ ഓൺലൈൻ ബില്ലിനും അഞ്ച് ശതമാനം കിഴിവും ബിൽ തുകക്ക് അനുസൃതമായി സമ്മാനങ്ങളും നൽകും

കോഴിക്കോട്: ‘സപ്ലൈ കേരള' ആപ്ലിക്കേഷൻ വഴിയുള്ള സപ്ലൈകോ ഓൺലൈൻ സെയിൽസ് ആൻഡ് ഹോം ഡെലിവറി സംവിധാനത്തിന് കോഴിക്കോട്ട് തുടക്കമായി. തുറമുഖവകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്‌ഘാടനം ചെയ്‌തു. ഈ പദ്ധതിയിലൂടെ സപ്ലൈ കേരള ആപ്പിലൂടെ തൊട്ടടുത്ത ഔട്ട് ലെറ്റ് തെരെഞ്ഞെടുത്ത് ഉപഭോക്താക്കൾക്ക് ഉൽപ്പന്നങ്ങൾ ഓർഡർ ചെയ്യാനാകും.
ആദ്യഘട്ടത്തിൽ സിവിൽ സ്റ്റേഷൻ പരിസരത്തെ അപ്ന ബസാർ, മാവൂർ റോഡിലെ പീപ്പിൾസ് ബസാർ എന്നിവിടങ്ങളലാണ് സപ്ലൈകോയുടെ പുതിയ സേവനം ലഭ്യമാക്കുന്നത്. എല്ലാ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്കും അഞ്ച് മുതൽ 30 ശതമാനം വരെ വിലക്കിഴിവുണ്ടാകും. ഇതിനു പുറമെ ഓരോ ഓൺലൈൻ ബില്ലിനും അഞ്ച് ശതമാനം കിഴിവും ബിൽ തുകയ്ക്ക് അനുസൃതമായി സമ്മാനങ്ങളും നൽകും.
സംസ്ഥാനത്തെ എല്ലാ സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിലൂടെയും ഓൺലൈൻ വിൽപ്പനയും വിതരണവും സാധ്യമാക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ജില്ലാ പ്ലാനിങ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷനായി. സപ്ലൈകോ കോഴിക്കോട് റീജ്യണൽ മാനേജർ എൻ രഘുനാഥ്, ജില്ലാ സപ്ലൈ ഓഫീസ് സീനിയർ സൂപ്രണ്ട് ലത, ടി. സി. ബിജു രാജ്, അഡ്വ. എ. കെ. സുകുമാരൻ, അബ്ദുറഹ്മാൻ, കെ. സത്യനാഥൻ, പ്രശാന്ത് കുമാർ തുടങ്ങിയവർ സംസാരിച്ചു.