വിസ്മയ കേസ് വിചാരണ ഇന്ന് തുടങ്ങും, സ്ത്രീധന പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കുറ്റപത്രം
കൊല്ലം പോക്സോ കോടതിയിലാണ് വിചാരണ

കൊല്ലം: കൊല്ലം നിലമേൽ സ്വദേശിനി വിസ്മയ ആത്മഹത്യ ചെയ്ത കേസിന്റെ വിചാരണ ഇന്ന് തുടങ്ങും. സത്രീധനം കുറഞ്ഞു പോയെന്ന പേരിൽ നിരന്തരം പീഡിപ്പിക്കുന്നത് സഹിക്കാനാവാതെ ആത്മഹത്യ ചെയ്തതാണെന്ന് കുറ്റ പത്രത്തിൽ പറയുന്നു. കൊല്ലം പോക്സോ കോടതിയിലാണ് വിചാരണ. ആത്മഹത്യ ചെയ്ത വിസ്മയയുടെ പിതാവിനെയാണ് ഇന്ന് വിസ്തരിക്കുക.
2021 ജൂൺ 21 നാണ് ശാസ്താംകോട്ട പോരു വഴിയിലെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ചനിലയിൽ വിസ്മയയെ കണ്ടത്. സ്ത്രീധന പീഡനത്തെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്ന് കുറ്റപത്രത്തിൽ പറയുന്നത്. വിസ്മയയുടെ ഭർത്താവ് കിരൺകുമാർ ഇപ്പോഴും ജയിലിലാണ്.
ഒമ്പത് വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം നല്കിയിരിക്കുന്നത്. ഉത്രവധക്കേസിലെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ മോഹൻ രാജ് തന്നെയാണ് വിസ്മയയുടെ കേസിൽ പ്രോസിക്യൂഷന് വേണ്ടി ഹാജരാകുന്നത്. 500 പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്. 102 സാക്ഷികളുണ്ട്. 92 റെക്കോർഡുകൾ, 56 തൊണ്ടിമുതലുകളുമാണ് കേസിലുള്ളത്. വിസ്മയയുടേത് ആത്മഹത്യ തന്നെയെന്ന് ബോധ്യപ്പെട്ടതായി കൊല്ലം റൂറൽ എസ്.പി.കെ.ബി. രവി നേരത്തെ പറഞ്ഞിരുന്നു. ഡിജിറ്റൽ തെളിവുകൾ നന്നായി തിരിച്ചെടുക്കാൻ കഴിഞ്ഞതായി ഡി.വൈ.എസ്.പി.പി രാജ്കുമാർ അവകാശപ്പെട്ടു.