തൊണ്ടയാട് ബൈപ്പാസിൽ കാട്ടുപന്നി വാഹനത്തിന് കുറുകെ ചാടിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു
സാരമായ പരിക്കേറ്റ മൂന്നുപേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോഴിക്കോട്: കാട്ടുപന്നി കുറുകെ ചാടിയത്തിനെ തുടർന്ന് വാഹനം നിയന്ത്രണം വിട്ട് പരിക്കേറ്റ ആൾ മരിച്ചു. ചേളന്നൂർ ഇരുവള്ളൂർ ചിറ്റടിപുറായിൽ സിദ്ദീഖ് (38) ആണ് അപകടത്തിൽ മരണപ്പെട്ടത്. അപകടത്തിൽ മറ്റ് മൂന്ന് പേർക്ക് പരിക്കേറ്റു.
കോഴിക്കോട് തൊണ്ടയാട് ബൈപാസിൽ കെട്ടി താഴത്ത് ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം. പരിക്കേറ്റ നാലുപേരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സിദ്ദീഖ് ഉച്ചയോടെ മരണപ്പെടുകയായിരുന്നു. കക്കോടി സ്വദേശികളായ ദൃശ്യൻ പ്രമോദ്, അനൂപ്, സന്തോഷ് എന്നിവർ സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
സിദ്ദിഖിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. സംഭവത്തിൽ പൊലീസ് കേസെടുത്തു. കോഴിക്കോട് ബൈപ്പാസിൽ കെ.ടി. താഴം ഭാഗത്ത് മുൻപും കാട്ടുപന്നികളെ കണ്ടിട്ടുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.