തൊണ്ടയാട് ബൈപ്പാസിൽ ഒരാളുടെ മരണത്തിന് കാരണമായ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു
തോക്ക് ലൈസൻസ് ഉള്ള ആളെത്തിയാണ് പന്നിയെ വെടിവെച്ചത്

കോഴിക്കോട്: തൊണ്ടയാട് ബൈപ്പാസിൽ ഒരാളുടെ മരണത്തിന് കാരണമായ അപകടം സൃഷ്ടിച്ച കാട്ടുപന്നിയെ വെടിവെച്ച് കൊന്നു. ഇന്ന് രാവിലെ പത്ത് മണിയോടെ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തോക്ക് ലൈസൻസ് ഉള്ള ആളെത്തിയാണ് പന്നിയെ വെടിവെച്ചത്.
കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട പിക്കപ്പ് വാൻ എതിരേ വന്ന വാനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സംഭവത്തിൽ ഒരു യാത്രക്കാരൻ മരിച്ചിരുന്നു. ചേളന്നൂർ സ്വദേശി സിദ്ധിഖ് (38) ആണ് മരിച്ചത്. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരിൽ ഒരാളെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.
മുക്കം സ്വദേശിയായ സി.എം ബാലനെന്നയാളാണ് പന്നിയെ വെടിവെച്ചിട്ടത്. ബൈപ്പാസിൽ മാലിന്യങ്ങൾ തള്ളുന്നതിനാലാണ് പന്നി ഇവിടെ എത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി. പന്നിക്ക് ഏകദേശം ഒരു ക്വിന്റെലിൽ അധികം തൂക്കമുണ്ടെന്നും അധികൃതർ പറഞ്ഞു.
തൊണ്ടയാട് ബൈപ്പാസിൽ വ്യാഴാഴ്ച പുലർച്ചെ 4.45-ഓടെയായിരുന്നു അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ വാഹനം പൂർണമായും തകർന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സിദ്ധീഖിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.